കോട്ടയം: നിര്‍ദിഷ്ട ശബരി റെയില്‍ പദ്ധതിയില്‍ സംസ്ഥാന വിഹിതമായ 1900 കോടി കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കാനുള്ള തീരുമാനം ആറു മാസം മുന്‍പേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സ്ഥലം ഏറ്റെടുക്കല്‍ ഒന്നാം ഘട്ടം മാസങ്ങള്‍ മുന്‍പേ തുടങ്ങാമായിരുന്നു.സ്ഥലം ഏറ്റെടുത്തുകൊടുത്താല്‍ ശബരി പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കാമെന്നും വിഹിതം നല്കിയാല് പണി ഉടന്‍ തുടങ്ങാമെന്നും കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ സര്‍ക്കാര്‍ നടത്തിയ വിഹിത പ്രഖ്യാപനവും ഉറപ്പും എത്രത്തോളം നടപ്പാകുമെന്നതില് അവ്യക്തതയുണ്ട്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഹൈക്കോടതിയില്‍ നിരവധി കേസുകളാണ് വ്യവഹാരത്തിലുള്ളത്.
ശബരി വിമാനത്താവളത്തിനു പിന്നാലെ ശബരി റെയില്‍ പദ്ധതിയും പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഒഴിവാക്കാനാണ് റെയില്‍വേക്ക് സ്ഥലം ഏറ്റെടുക്കുമെന്ന പ്രഖ്യാപനമെന്നു വിമര്‍ശനമുണ്ട്. ശബരി എയര്‍പോര്‍ട്ടിന് എരുമേലിയില്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും വീഴ്ചകളും പ്രകടമായിരുന്നു.
111 കി.മീ. അങ്കമാലി എരുമേലി ശബരിപാത 1997ലെ കേന്ദ്ര റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച് മൂന്നു പതിറ്റാണ്ട് ആകുമ്പോഴും അങ്കമാലിയില്‍നിന്നു കാലടിവരെ എട്ടു കി.മീ. മാത്രമാണ് പൂര്‍ത്തിയായത്.മുപ്പത് വര്‍ഷം മുന്‍പ് 550 കോടി രൂപയ്ക്ക് പൂര്‍ത്തിയാകേണ്ട പാതയ്ക്ക് 3810 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്.
69 കി.മീ. ദൂരത്തില്‍ നിര്‍ദിഷ്ട രാമപുരം റെയില്‍വേ സ്റ്റേഷന് (പിഴക്) വരെയാണ് കോട്ടയം ജില്ലയില്‍ കല്ലിട്ടു തിരിച്ചിട്ടുള്ളത്. പിഴകു മുതല്‍ എരുമേലി വരെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും അവയുടെ കാലാവധി അവസാനിച്ചതിനാല്‍ നടപടികള്‍ വീണ്ടും ആദ്യഘട്ടം മുതല്‍ തുടങ്ങണം.
രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലാണ് കോട്ടയം ജില്ലയില്‍ സ്റ്റേഷനുകള്‍ വരിക. രാമപുരം മുതല്‍ എരുമേലി വരെ ഏരിയല്‍ സര്‍വേ മാത്രമാണ് നടത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ റെയില്‍വെ സ്റ്റേഷന് നിര്‍മാണം എവിടെയെന്നതിലും തീരുമാനമായിട്ടില്ല. ശബരി പദ്ധതിക്കായി ഇനി 303.58 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാന്‍ 1361 കോടി രൂപയും നിര്‍മാണ പ്രവര്‍ത്തനത്തിന് 2439.93 കോടി രൂപയും ചെലവ് വരും.
