വാഷിംഗ്ടൺ: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ പ്രസാധകനും സിഇഒയുമായ വിൽ ലൂയിസും വാഷിംഗ്ടൺ പോസ്റ്റിന്റെ പടിയിറങ്ങി. പ്രതിസന്ധിയിലായ പത്രം മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയാണു വിൽ ലൂയിസിന്റെ നടപടി.
സഹപ്രവർത്തകർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് സ്ഥാനം ഒഴിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. പത്രത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ജെഫ് ഡി. ഓനോഫ്രിയോ താത്കാലികമായി പ്രസാധകന്റെയും സിഇഒയുടെയും ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
2024 ജനുവരിയിലാണ് ബ്രിട്ടീഷ് വംശജനായ ലൂയിസ് വാഷിംഗ്ടൺ പോസ്റ്റിലെത്തിയത്. നേരത്തേ വോൾസ്ട്രീറ്റ് ജേണലിൽ ഉന്നതപദവി വഹിച്ചിരുന്നു. ലൂയിസിന്റെ കാലത്ത് സ്ഥാപനത്തിലെ പുനഃക്രമീകരണങ്ങളുടെ ഭാഗമായി ന്യൂസ് റൂമുകളിൽനിന്നു പലരെയും പിരിച്ചുവിട്ടു. ഇതേത്തുടർന്ന് എക്സിക്യൂട്ടീവ് എഡിറ്റർ സാലി ബുസ്ബി പത്രത്തിൽനിന്നു പുറത്തുപോകുകയും ചെയ്തിരുന്നു. വാർത്തകൾക്കായി പണം നൽകുന്നതടക്കമുള്ള ആരോപണങ്ങളും ജീവനക്കാരോടുള്ള മോശം പെരുമാറ്റവും അദ്ദേഹത്തിനെതിരേ വിമർശനമായി ഉയർന്നിരുന്നു.
