ടോക്കിയോ: ജപ്പാനിലെ ഇടക്കാല പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനായി തകായിച്ചി വൻ വിജയത്തിലേക്കെന്ന് എക്സിറ്റ് പോൾ പ്രവചനം. ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ജാപ്പനീസ് മാധ്യമങ്ങൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം തകായിച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) 274 സീറ്റുകൾ നേടിയേക്കും. 465 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് 233 മതി. എൽഡിപിയും സഖ്യകക്ഷികളും ചേർന്ന് 302 മുതൽ 366 വരെ സീറ്റുകൾ നേടിയേക്കാം.
ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തകായിച്ചിയുടെ വ്യക്തിപ്രഭാവംകൊണ്ടു മാത്രമാണ് എൽഡിപി മുന്നേറുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏതാണ്ട് മുഴുവൻ കാലവും ജപ്പാൻ ഭരിച്ച എൽഡിപി സമീപ തെരഞ്ഞെടുപ്പിൽ വലിയ പരാജയങ്ങൾ രുചിച്ചിരുന്നതാണ്. ഒക്ടോബറിൽ അധികാരമേറ്റെടുത്ത തകായിച്ചി തന്റെ ജനപിന്തുണ വോട്ടാക്കി മാറ്റാനായി ഇടക്കാല തെരഞ്ഞെടുപ്പ് എന്ന ചൂതാട്ടത്തിനു മുതിരുകയായിരുന്നു.
മോട്ടോർ സൈക്കിൾ പ്രേമിയും ഹെവി മെറ്റൽ ഡ്രമ്മറുമായ തകായിച്ചി വലതുപക്ഷ നിലപാടുകളിലൂടെ യുവാക്കളുടെയടക്കം പിന്തുണ നേടിയെടുക്കുകയായിരുന്നു. ചൈനയുടെയും ഉത്തരകൊറിയയുടെയും ഭീഷണികൾ നേരിടാനും ഏറ്റവുമടുത്ത സഖ്യകക്ഷിയായ അമേരിക്കയുടെ വാണിജ്യഭീഷണികൾ മറികടക്കാനും ജപ്പാന്റെ ആഗോള സ്വാധീനം വർധിപ്പിക്കുന്നതിന് ജനപിന്തുണ ചോദിച്ചായിരുന്നു തകായിച്ചിയുടെ തെരഞ്ഞെടുപ്പു പ്രചാരണം. ജപ്പാന്റെ സൈനികശേഷി ഉയർത്തണമെന്നും തകായിച്ചി വാദിക്കുന്നു.
