കുരുക്ഷേത്രം എന്ന ചിത്രത്തിനു വേണ്ടി അനുഗൃഹീത ഗാനരചയിതാവ് പി. ഭാസ്കരൻ രചിച്ച്, കെ. രാഘവൻ മാസ്റ്റർ സംഗീതം നൽകിയ പ്രണയാർദ്രമായ ഒരു ഗാനം ഉണ്ട്. ‘പൂർണേന്ദു മുഖിയോടമ്പലത്തിൽ വച്ച്… പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു…’ പി. ജയചന്ദ്രൻ മനോഹരമാക്കിയ ഈ ഗാനം യൂട്യൂബിലൂടെ കേട്ട ഒരു യുവ മെഡിക്കൽ വിദ്യാർഥിനി അദ്ഭുതത്തോടെ പറഞ്ഞത് – “ഇയാൾ എന്തിനാണ് ലവറോട് ചന്ദനം ചോദിക്കുന്നത്? ക്ഷേത്രനടയിലെ താലത്തിൽ ഇഷ്ടം പോലെ ചന്ദനവും കുങ്കുമവും ഇരിപ്പുണ്ടല്ലോ ചുമ്മാ അതങ്ങ് എടുത്ത് ഇട്ടാൽ പോരെ?’ എന്നാണ്.
പഴയ തലമുറക്കാരെ ഞെട്ടിക്കുന്ന ഒരു പ്രതികരണമാണിത്. ഇക്കാര്യത്തിൽ പക്ഷേ, പുതിയ തലമുറയിലെ വിദ്യാർഥിനിയെ കുറ്റപ്പെടുത്താനും ആവില്ല. ക്ഷേത്രനടയിൽ ആരും കാണാതെ ഒളിച്ചു നിൽക്കുന്ന കാമുകൻ പ്രണയിനിയോട് മടിച്ചുമടിച്ച് ചന്ദനം ചോദിക്കുന്ന രംഗം വിദ്യാർഥിനി ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടുപോലും ഉണ്ടാവില്ല!
സൗഹൃദങ്ങളും പ്രണയവും ഒരു അതിരുമില്ലാതെ മുന്നേറുന്ന കാലമാണിത്. ക്ഷേത്രത്തിൽ നിന്ന് ഇലച്ചാർത്തിൽ ചന്ദനവുമായി എത്തുന്ന പ്രണയിനിയോട് ചന്ദനം ചോദിക്കുന്ന കാമുകനും നാണിച്ചു നാണിച്ചു നിലത്ത് കളം വരയ്ക്കുന്ന കാമുകിയും അവർക്ക് ‘ക്രിഞ്ച് ‘ ആയി മാറുകയാണ്!
( പഴയകാല സിനിമകളിലെ മരം ചുറ്റി പ്രണയ രംഗം ഉൾപ്പെടെയുള്ള പൈങ്കിളി രംഗങ്ങൾ കാണുമ്പോൾ ഉള്ള ഒരു അനുഭവമാണ് ഈ ‘ക്രിഞ്ച് ‘ )
ഇനി പാട്ടിന്റെ ചരണത്തിൽ ഭാസ്കരൻ മാസ്റ്റർ എഴുതിയിരിക്കുന്നതു കാണാം..
‘ചന്ദനം നൽകാത്ത ചാരുമുഖി..
നിൻ മനം പാറുന്നത് ഏതു ലോകം?
നാമിരുപേരും തനിച്ചിങ്ങു നിൽക്കുകിൽ നാട്ടുകാർ കാണുമ്പോൾ എന്തു തോന്നും!’
നാട്ടുകാർ പോകട്ടെ, സ്വന്തം വീട്ടുകാരുടെ കരുതലുകളും, സ്നേഹപൂർണമായുള്ള ഇടപെടലുകളും പോലും സഹിക്കാൻ കഴിയാത്ത യുവത്വത്തിന് ഈ വരികളുടെ അർഥവും പ്രസക്തിയും, എന്തിന് സൗന്ദര്യവും തിരിച്ചറിയാനും കഴിയില്ല.
പ്രണയത്തിനു വേണ്ടി ആത്മസമർപ്പണം നടത്തി എന്ന് വിശ്വസിക്കപ്പെടുന്ന റോമൻ പുരോഹിതനായ വാലന്റൈനിന്റെ പേരിലുള്ള വാലന്റൈൻസ് ഡേയുടെ പൊരുൾ എത്രപേർ തിരിച്ചറിയുന്നുണ്ട് എന്ന് സംശയമാണ്. എങ്കിലും ഓരോ വർഷം കഴിയുന്തോറും വാലന്റൈൻസ് ഡേയുടെ ആഘോഷവും പകിട്ടും ഏറുകയാണ്.
നേരിട്ടും ഓൺലൈനായും വിപണിയിൽ വാങ്ങാവുന്ന വാലന്റൈൻ ഗിഫ്റ്റുകളും യഥേഷ്ടമാണ്. പ്രിയ ‘വാലന്റൈനിന് ‘ ആദ്യം നൽകുന്ന സമ്മാനം മുതൽ ദമ്പതിമാർ പരസ്പരം നൽകുന്ന വലിയ വിലപിടിപ്പുള്ള സമ്മാനങ്ങളുടെ വൈവിധ്യവും വർധിച്ചുവരുന്നു.
തുടിക്കുന്ന ചുവന്ന ഹൃദയവും കടും ചുവപ്പ് റോസാപ്പൂവും കൈമാറുന്നുണ്ടെങ്കിലും ഹൃദയത്തിന്റെ ഉള്ളാഴങ്ങളിലേക്ക് പലരും സഞ്ചരിക്കുന്നില്ല എന്നു വേണം കരുതാൻ. പ്രണയദിനമായ ഫെബ്രുവരി 14ന് ഒരു പ്രപ്പോസൽ എങ്കിലും കിട്ടിയില്ലെങ്കിൽ അതൊരു വലിയ ‘ഈഗോ’ പ്രശ്നമായി മാറുന്നു എന്ന് പറയുന്നത് അതിശയോക്തിയല്ല. ഒരു എൻജിനീയറിംഗ് വിദ്യാർഥിനി പറഞ്ഞത് കേൾക്കാം.
“എല്ലാ വാലന്റൈൻസ് ഡേയ്ക്കും എന്റെ ഫ്രണ്ട്സിനു “പ്രപ്പോസൽ’ കിട്ടിയിരുന്നു. എനിക്കുമാത്രം കിട്ടാതെ വന്നപ്പോൾ ശരിക്കും വിഷമമായി. ഫ്രണ്ട്സ് ഒക്കെ കളിയാക്കുമോ എന്ന ചിന്തയും ഉണ്ടായി. ഒടുവിൽ ഫൈനൽ സെമ്മിൽ ആണ് സീനിയറിന്റെ കൈയിൽ നിന്ന് ഒരു റോസ് പൂവും ചോക്ലേറ്റും കാർഡും കിട്ടുന്നത്. വലിയ ആശ്വാസമാണ് തോന്നിയത്.
” ഇങ്ങനെ ചുവപ്പ് റോസാപ്പൂവിനും ഗിഫ്റ്റിനും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ധാരാളം പേർ ഉണ്ടെന്ന് അറിയുക. ചുവന്ന റോസാ പുഷ്പവുമായി വരുന്നത് ക്രിമിനൽ ആണോ, മദ്യപൻ ആണോ, മയക്കുമരുന്ന് അടിമയാണോ എന്നൊന്നും നോക്കാതെ രണ്ട് കൈയും നീട്ടി ‘പ്രപ്പോസൽ’ സ്വീകരിക്കുന്ന ഉന്നത ബിരുദധാരിണികളും ഉണ്ട്. ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഇൻസ്റ്റയിലൂടെയും പെൺകുട്ടികൾ മാത്രമല്ല മുതിർന്നവരും വാലന്റൈൻസ് ഡേ “കുരുക്കിൽ’ വീഴുന്നുവെന്നും അറിയുക. പ്രണയത്തിന് ശാരീരിക തൃഷ്ണ എന്ന സമവാക്യം മാത്രം നൽകുന്ന കമിതാക്കളുടെ എണ്ണവും വലിയ രീതിയിൽ വർധിച്ചുവരുന്നു.
ഏറ്റവും അടുത്ത സുഹൃത്തുക്കളോടു പോലും പറയാതെ പ്രണയം ഉള്ളിൽ സൂക്ഷിച്ചുവച്ച ഒരു ഇന്നലെയിൽ നിന്ന് വളരെ ദൂരം നടന്നു കഴിഞ്ഞിരിക്കുന്നു പുതിയ തലമുറ. എത്ര “ലൈനുകൾ’ ഉണ്ടെങ്കിലും അത് തുറന്നു പറയാൻ മടിയില്ലാത്തവരായി ഭൂരിഭാഗവും മാറിക്കഴിഞ്ഞു. ടെലിവിഷൻ ചാനലുകൾ ഉൾപ്പെടെയുള്ള പൊതുമാധ്യമങ്ങളിൽ സ്വന്തം പ്രണയ ബന്ധങ്ങൾ പരസ്യമായി പറയുന്ന സെലിബ്രിറ്റികളും സാധാരണക്കാരും കുറവല്ല!
തലസ്ഥാനത്തെ മെയിൻ റോഡിലൂടെ പരസ്പരം കെട്ടിപ്പുണർന്ന് നടന്നു നീങ്ങിയ കമിതാക്കളെ കണ്ട് മധ്യവയസ്കനായ ഒരു ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞ പഴയ അനുഭവം കുറിക്കാം- ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് അയൽക്കാരിയായ ഒരു പെൺകുട്ടിയോട് ആൾക്കു പ്രണയം തോന്നി.
നെഞ്ചിടിപ്പോടെയാണ് ആ ഇഷ്ടം പേപ്പറിൽ കുറിച്ചത്. ഷർട്ടിന്റെ പോക്കറ്റിൽ കുറെ കാലം ആ കത്ത് കൊണ്ടു നടന്നു. കാമുകിയെ ദിവസവും കാണാറുണ്ടായിരുന്നുവെങ്കിലും കത്ത് കൊടുക്കാനുള്ള ധൈര്യം ഉണ്ടായതേയില്ല. ഒടുവിൽ തന്റെ “പ്രണയലേഖനം’ സ്വന്തം വീട്ടുകാരുടെ കൈയിൽ കിട്ടിയാലുള്ള അവസ്ഥ ആലോചിച്ച് കത്ത് കീറിക്കളഞ്ഞു.
കത്ത് പല കഷ്ണങ്ങളായി കീറുമ്പോൾ ഇടനെഞ്ചിൽ ഉണ്ടായ ആ വിങ്ങൽ ഇന്നും ഉള്ളിൽ എവിടെയോ ഉണ്ട് എന്നും ഓട്ടോ ഡ്രൈവർ ദീർഘനിശ്വാസത്തോടെ പറഞ്ഞു. ഇത് ഒരു “കാമുകന്റെ’ മാത്രം കഥയല്ല. മുൻകാലത്ത് ഭൂരിഭാഗം പേരും ഇങ്ങനെ സ്വന്തം പ്രണയം പറയാനാവാതെ പിന്തിരിഞ്ഞവരാണ്. ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ, കെട്ടുകഥയായി തോന്നാവുന്ന ജീവിത കഥകളാണ്. തങ്ങളുടെ “ക്രഷ്’ അല്ലെങ്കിൽ “ഫീലിംഗ്’ പങ്കുവയ്ക്കാൻ ഒരു നിമിഷാർധം പോലും ഇന്നത്തെ തലമുറയ്ക്ക് ആവശ്യമില്ല.
പേഴ്സണൽ ചാറ്റുകളിലൂടെ മാത്രമല്ല അനേകം പേർക്ക് ഒരേസമയം കാണാവുന്ന ഇൻസ്റ്റ, ഫേസ്ബുക്ക് തുടങ്ങിയ പല മാധ്യമങ്ങളിലൂടെയും അവർ തങ്ങളുടെ പ്രണയവും, പ്രണയ തീക്ഷ്ണമായ സ്വകാര്യ നിമിഷങ്ങളും യാതൊരു സങ്കോചവും ഇല്ലാതെ പങ്കുവയ്ക്കുന്നുമുണ്ട്. ഇവിടെ ഇരുന്നുകൊണ്ട് പി. ഭാസ്കരൻ മാസ്റ്ററുടെ പൂർണേന്ദു മുഖിയോട്… കേൾക്കുന്നവർ അർഥം പിടികിട്ടാതെ ഉഴലുന്നതിൽ അദ്ഭുതപ്പെടാനുമില്ല!
കാല്പനിക പ്രണയത്തിന് എല്ലാക്കാലത്തും മാർക്കറ്റ് ഉണ്ടെന്ന് മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകൻ പറഞ്ഞത് ഓർമിക്കുന്നു. എങ്കിലും മുൻകാലത്തെ പോലെ മധുരം കിനിയുന്ന പ്രേമ കവിതകളും സിനിമകളും ഇന്ന് ഉണ്ടാകുന്നില്ല.
മാറിയ പ്രണയ സങ്കല്പം തന്നെയാണ് ഇതിനുപിന്നിൽ. 2024 ൽ പുറത്തുവന്ന പ്രേമലു എന്ന സിനിമ വൻ ഹിറ്റായ ഒരു പ്രണയ സിനിമയാണ്. എങ്കിലും പുതിയ തലമുറയുടെ പ്രണയ ശൈലി ഒപ്പിയെടുത്ത് എ.ഡി. ഗിരീഷ് സംവിധാനം ചെയ്ത സിനിമ എന്ന് പറയേണ്ടിവരും. സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നതുതന്നെ റൊമാന്റിക് കോമഡി ചിത്രം എന്നാണെന്ന കാര്യവും ശ്രദ്ധിക്കുക. പുതിയ പ്രണയകാലത്തെപ്പോലെ വളരെ ലളിതമായും നർമത്തിലും ആണ് ഈ ലവ് സ്റ്റോറി ഒരുക്കിയിരിക്കുന്നത്.
റിയാലിറ്റി ഷോകളിൽ പഴയ അനശ്വര ഗാനങ്ങൾ പാടി യുവ ഗായകർ കൈയടിയും വമ്പൻ സമ്മാനങ്ങളും നേടുന്നുണ്ടെങ്കിലും വയലാറിനെയും പി. ഭാസ്കരനെയും ഒ.എൻ.വിയെയും അവർ എത്രത്തോളം ഏറ്റുവാങ്ങുന്നു എന്ന് സംശയമാണ്.
ഒരൊറ്റ പ്രണയം എന്നത് “ഔട്ട് ഡേറ്റ്ഡ്’ ആകുമ്പോൾ വിരഹത്തിനും പഴയ പൊള്ളലില്ല… അതുകൊണ്ടു തന്നെ “ആരും തുറക്കാത്ത പൂമുഖവാതിലിൽ അന്യനെ പോലെ ഞാൻ നിന്നു…’ എന്ന വയലാറിന്റെ വരികൾ കേട്ട് നെഞ്ച് നീറുന്ന യുവ കാമുകന്മാരും അധികമില്ല.
തിരക്കേറിയ റോഡിലും ഓടുന്ന ഓട്ടോറിക്ഷയിലും വരെ പ്രണയം പങ്കിടുന്ന തലമുറയ്ക്ക് നിലാവും പളുങ്ക് കൽപടവുകളും ആയിരം പാദസരങ്ങൾ കിലുക്കി ഒഴുകുന്ന ആലുവാപ്പുഴയുടെ തീരവും അന്യമാകുന്നതിലും അദ്ഭുതപ്പെടാനില്ല.
പ്രണയത്തിന്റെ ആത്മസൗന്ദര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പരിതപിക്കുമ്പോഴും പ്രണയത്തിനായി ജീവൻ ത്യജിച്ചു എന്ന് വിശ്വസിക്കുന്ന വാലന്റൈൻ പുരോഹിതന്റെ ഹൃദയസ്പന്ദനം പോലെ എവിടെയോ ഒരു പ്രണയഹൃദയം തുടിക്കുന്നുണ്ട്! അതുമതി…
എസ്. മഞ്ജുളാദേവി
