കാഞ്ഞങ്ങാട്: രണ്ടുവർഷം മുമ്പ് തീവണ്ടി കോച്ചുകളുടെ രൂപത്തിൽ അപ്പാർട്ട്മെന്റ് നിർമിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ പെരിയ ചാലിങ്കാലിലെ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ടി. ദാമോദരൻ കേരളത്തിന്റെ ക്ലാസിക് ട്രെയിനുകളിലൊന്നായ പരശുറാം എക്സ്പ്രസിന്റെ രൂപത്തിൽ വീടിന് ചുറ്റുമതിലൊരുക്കി.
മതിലിന്റെ ഒരറ്റം പരശുറാമിന്റെ ഡീസൽ എൻജിന്റെയും മറ്റു ഭാഗങ്ങൾ കോച്ചുകളുടെയും ഒരു വശത്തിന്റെ രൂപത്തിലാണ് ഒരുക്കിയിട്ടുള്ളത്. വഴിയാത്രക്കാർക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനായി രണ്ട് ടാപ്പുകളും മതിലിൽ സ്ഥാപിച്ചിട്ടുണ്ട്.
ഈ മാസം 21 ന് മതിലിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഇതിനുശേഷം എല്ലാദിവസവും രാവിലെയും വൈകുന്നേരവും ആറിന് ട്രെയിൻ എൻജിന്റെ ചൂളംവിളിയുടെ മാതൃകയിൽ ഇവിടെനിന്ന് അലാറവും മുഴങ്ങും.
പഴയ കാലങ്ങളിൽ ഈ ഭാഗങ്ങളിൽ പുല്ല് ശേഖരിക്കാനെത്തുന്നവർക്ക് ദാമോദരന്റെ അമ്മ ആച്ച സൗജന്യമായി കുടിവെള്ളവിതരണം നടത്തിയിരുന്നു. ഇതിന്റെ ഓർമ നിലനിർത്താൻ കൂടിയാണ് മതിലിൽ കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിച്ചത്.
ദാമോദരൻ നിർമിച്ച അപ്പാർട്ട്മെന്റിനും അമ്മയുടെ പേരാണ് നൽകിയിട്ടുള്ളത്- ആച്ച കോച്ച്. വെസ്റ്റേൺ റെയിൽവേയുടെ ആഡംബര ട്രെയിനായ ഫ്ലയിംഗ് റാണിയുടെ കോച്ചുകളുടെ മാതൃകയിലാണ് വീടും മുറികളും രൂപകല്പന ചെയ്തിട്ടുള്ളത്.
കലാകാരനായ ദാമോദരൻ തടിയിലും സിമന്റിലും സ്വന്തമായി രൂപകല്പന ചെയ്ത ശില്പങ്ങളും ഈ വീട്ടിലുണ്ട്. ഇതിന്റെ ഒരു ഭാഗത്ത് ദാമോദരനും കുടുംബവും താമസിക്കുന്നതിനും മറു ഭാഗങ്ങൾ വാടകയ്ക്ക് നൽകുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. തികച്ചും വ്യത്യസ്തമായ തരത്തിൽ നിർമിച്ച വീടിനെ ഹോംസ്റ്റേ ആക്കുന്നതിനുള്ള സാധ്യതകളും പലരും നിർദേശിച്ചിട്ടുണ്ട്.
