കുണ്ടറ: ഓൺലൈൻ ട്രേഡിംഗിൽ പണം സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ചു കുണ്ടറ സ്വദേശി അറുപത്തിയേഴുകാരന്റെ ഒരുകോടി 65 ലക്ഷം തട്ടിയെടുത്തതായി പരാതി. ഇതു സംബന്ധിച്ചു സൈബർ പോലീസ് അന്വേഷണംതുടങ്ങി. ഫെയ്സ്ബുക്ക് വഴി പരിചയം സ്ഥാപിച്ചാണ് തട്ടിപ്പിനിരയാക്കിയത്.
ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ ലോഗ് ഇൻ ചെയ്യിച്ചാണ് പണം തട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് എന്നിവയിലെ വിവിധ അക്കൗണ്ടുകളിലേക്ക് 20 തവണ പണം നിക്ഷേപിച്ചു. ഇന്ത്യയിലെയും വിദേശത്തെയും അഞ്ച് വാട്സാപ്പ് നമ്പരുകളിൽ നിന്ന് പ്രതികൾ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പണം പിൻവലിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
കഴിഞ്ഞദിവസമാണ് പണം നഷ്ടപ്പെട്ടയാൾ കുണ്ടറ പോലീസിൽ പരാതിയുമായെത്തിയത്. എസ്എസ് എന്റർപ്രൈസസ്, മസ്കാന ട്രേഡിംഗ് കമ്പനി, എകെ ട്രേഡിംഗ് കമ്പനി, എച്ച്കെ എന്റർപ്രൈസസ്, പുനിത് എന്റർപ്രൈസസ്, , എസ് കെ കൺസൾട്ടൻസി, എംജെ എന്റർപ്രൈസസ്, ആർബി ട്രേഡേഴ്സ്, മാരുതി എന്റർപ്രൈസസ്, ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ശിവരാജ് സിംഗ് സഹാരി, രാജാബാബു ഡോണാപട്ടേൽ മാനുഫാക്ചറിങ് എന്നിവയുടെ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്.
