തെന്മല : വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ദിവസവും വര്‍ധിക്കുന്നു. തെന്മലയിലും പരിസരപ്രദേശങ്ങളിലും വന്യജീവി ആക്രമണം രൂക്ഷമാണ്. ഇന്നലെ തെന്മല ചാലിയക്കരയിൽ കാട്ടുപന്നി ആക്രമിച്ച് 62 കാരൻ കൊല്ലപ്പെട്ടത്.
ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിലും കാട്ടുപന്നി, കാട്ടാന ശല്യം രൂക്ഷമാണ്. തെന്മല, കുളത്തൂപ്പുഴ, ആര്യങ്കാവ്, ഉത്തക്കൽ, ഉരുകുന്ന്, മാമ്പഴത്തറ, ചെറുകടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് വന്യജീവി ആക്രമണ ഭീഷണി കൂടുതലുള്ളത്. മേഖലയിൽ പുള്ളിപ്പുലി ശല്യവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വന്യജീവി ആക്രമണം തടയാൻ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അധികാരികളും വനംവകുപ്പും പറയുന്പോഴും നടപടി മാത്രം ആകുന്നില്ല.
കടുത്ത ചൂടിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിവരണ്ടതോടെ കാട്ടാന, കാട്ടുപന്നി, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങി വന്യമൃഗങ്ങളെല്ലാം നാട്ടിലിറങ്ങി ജനജീവിതം ദുസഹമാക്കുകയാണ്. ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതിലും കൃഷി നശിപ്പിക്കുന്നതിലും മുൻപന്തിയിൽ കാട്ടാനകളാണ്. കാട്ടുപന്നി, കാട്ടാന, പുള്ളിപ്പുലി എന്നിവയുടെ ശല്യമാണ് മേഖലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ജനവാസ മേഖലകളിലെത്തുന്ന വന്യജീവികളെ നിയന്ത്രിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വന്യജീവി ആക്രമണം ചെറുക്കാൻ വനംവകുപ്പ് കാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും സോളാർ ഫെൻസിംഗ്പോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീടിനു വെളിയിൽ ഇറങ്ങാൻ ഭയന്നിരിക്കുകയാണ് മലയോരനിവാസികൾ.
