പാലാ: നഗരസഭാ പ്രദേശമാണ്, പക്ഷേ സഞ്ചാരയോഗ്യമായ വഴിയില്ല, കുടിനീരിന് ആഴ്ചകള്‍ കാത്തിരിക്കണം, വൃദ്ധരും രോഗികളുമായവരെ ആശുപത്രിയിലെത്തിക്കാന്‍ കസേരയിലോ സ്ട്രെച്ചറിലോ ചുമന്നിറക്കണം. വനവാസികളുടെയോ ജനവാസമില്ലാത്ത ഇടങ്ങളിലെയോ കഥയല്ലിത്.പാലാ നഗരസഭ 19-ാം വാര്‍ഡിലെ പതിക്കുന്ന്, കൈത്താളിക്കുന്ന് ഭാഗത്തെ പത്തോളം കുടുംബങ്ങളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണിത്.
പാലാ നഗരത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ജനങ്ങളുടെ ജീവിതം പരിതാപകരമാണ്. 150 അടിയോളം ഉയരമുള്ള കുന്നിന് മുകളിലാണ് ഈ കുടുംബങ്ങളുടെ താമസം. 70 വയസിന് മുകളില്‍ പ്രായമുള്ള പത്തിലധികം പേര്. നിത്യരോഗികളായി കഴിയുന്നവരും ഇതിലുണ്ട്. നഗരസഭ കെട്ടി നല്കിയ നൂറോളം പടി വരുന്ന കോണ്‍ക്രീറ്റ് പടവുകളാണ് താഴ്വാരത്തുനിന്ന് മുകളിലെത്താന്‍ ഇവരുടെ ഏക ആശ്രയം.
സ്വന്തമായി കിണര്‍ ഇല്ലാത്ത ഈ കുടുംബങ്ങള്‍ക്ക് നഗരസഭ നല്കുന്ന കുടിവെള്ളമാണ് ഏക ആശ്രയം. അത് മുടങ്ങിയാല്‍ ഭക്ഷണം പാകം ചെയ്യുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതുവരെ മുടങ്ങും. പമ്പ് ഓപ്പറേറ്ററുടെ കനിവിനെ അശ്രയിച്ചാണ് കുടിവെള്ളം എത്തുന്നത്. കിണര്‍ കുഴിച്ചു നോക്കിയവര്‍ക്കും വെള്ളമില്ല. ഇത് വിറ്റിട്ട് മറ്റെവിടെയെങ്കിലും പോകാമെന്ന് കരുതിയാല്‍ വാഹനം കയറി വരുന്ന ഒരു വഴിയില്ലാത്തതിനാല്‍ വാങ്ങാന്‍ ആരും തയാറല്ല.
ഒരു റോഡിനായി മാറിമാറി വന്ന ജനപ്രതിനിധികളോട് ഇവര്‍ യാചിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇവര്‍ക്ക് ആവശ്യപ്പെടാനുള്ളത് റോഡും കുടിവെള്ളവുമാണ്.
