സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ വ​ഴി​യി​ല്ല, കു​ടി​നീ​രി​ന് ആ​ഴ്ച​ക​ള്‍ കാ​ത്തി​രി​ക്ക​ണം; പാ​ലാ ന​ഗ​ര​സ​ഭ പ​തി​ക്കു​ന്ന് ഭാ​ഗ​ത്തെ കു​ടും​ബ​ങ്ങ​ളു​ടേ​ത് ദു​രി​ത​ജീ​വി​തം

പാ​ലാ: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​മാ​ണ്, പ​ക്ഷേ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ വ​ഴി​യി​ല്ല, കു​ടി​നീ​രി​ന് ആ​ഴ്ച​ക​ള്‍ കാ​ത്തി​രി​ക്ക​ണം, വൃ​ദ്ധ​രും രോ​ഗി​ക​ളു​മാ​യ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​സേ​ര​യി​ലോ സ്‌ട്രെ​ച്ച​റി​ലോ ചു​മ​ന്നി​റ​ക്ക​ണം. വ​ന​വാ​സി​ക​ളു​ടെ​യോ ജ​ന​വാ​സ​മി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ലെ​യോ ക​ഥ​യ​ല്ലി​ത്.പാ​ലാ ന​ഗ​ര​സ​ഭ 19-ാം വാ​ര്‍​ഡി​ലെ പ​തി​ക്കു​ന്ന്, കൈ​ത്താ​ളി​ക്കു​ന്ന് ഭാ​ഗ​ത്തെ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത ജീ​വി​ത​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​ണിത്.

പാ​ലാ ന​ഗ​ര​ത്തി​ല്‍​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വി​തം പ​രി​താ​പ​ക​ര​മാ​ണ്. 150 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള കു​ന്നി​ന്‍ മു​ക​ളി​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ളു​ടെ താ​മ​സം. 70 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പ​ത്തി​ല​ധി​കം പേ​ര്‍. നി​ത്യ​രോ​ഗി​ക​ളാ​യി ക​ഴി​യു​ന്ന​വ​രും ഇ​തി​ലു​ണ്ട്. ന​ഗ​ര​സ​ഭ കെ​ട്ടി ന​ല്‍​കി​യ നൂ​റോ​ളം പ​ടി വ​രു​ന്ന കോ​ണ്‍​ക്രീ​റ്റ് പ​ട​വു​ക​ളാ​ണ് താ​ഴ്‌​വാ​ര​ത്തു​നി​ന്ന് മു​ക​ളി​ലെ​ത്താ​ന്‍ ഇ​വ​രു​ടെ ഏ​ക ആ​ശ്ര​യം.

സ്വ​ന്ത​മാ​യി കി​ണ​ര്‍ ഇ​ല്ലാ​ത്ത ഈ ​കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ ന​ല്‍​കു​ന്ന കു​ടി​വെ​ള്ള​മാ​ണ് ഏ​ക ആ​ശ്ര​യം. അ​ത് മു​ട​ങ്ങി​യാ​ല്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തു​വ​രെ മു​ട​ങ്ങും. പ​മ്പ് ഓ​പ്പ​റേ​റ്റ​റു​ടെ ക​നി​വി​നെ അ​ശ്ര​യി​ച്ചാ​ണ് കു​ടി​വെ​ള്ളം എ​ത്തു​ന്ന​ത്. കി​ണ​ര്‍ കു​ഴി​ച്ചു നോ​ക്കി​യവ​ര്‍​ക്കും വെ​ള്ള​മി​ല്ല. ഇ​ത് വി​റ്റി​ട്ട് മ​റ്റെ​വി​ടെ​യെ​ങ്കി​ലും പോ​കാ​മെ​ന്ന് ക​രു​തി​യാ​ല്‍ വാ​ഹ​നം ക​യ​റി വ​രു​ന്ന ഒ​രു വ​ഴി​യി​ല്ലാ​ത്ത​തി​നാ​ല്‍ വാ​ങ്ങാ​ന്‍ ആ​രും ത​യാ​റ​ല്ല.

ഒ​രു റോ​ഡി​നാ​യി മാ​റി​മാ​റി വ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് ഇ​വ​ര്‍ യാ​ചി​ക്കു​ക​യാ​ണ്. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ഴും ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​ത് റോ​ഡും കു​ടി​വെ​ള്ള​വു​മാ​ണ്.

Related posts

Leave a Comment