കോട്ടയം: ജില്ലയിലെ വയോജനങ്ങളുടെ സുരക്ഷ, പുനരധിവാസം, ശക്തീകരണം എന്നിവ ലക്ഷ്യമിട്ടു സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴില്‍ സായംപ്രഭ സേന എന്ന പേരില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) പ്രവര്‍ത്തന സജ്ജമായി. വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സാമൂഹ്യനീതി വകുപ്പ് സായംപ്രഭ സേനയ്ക്കു രൂപംനൽകിയത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോധികര്‍ക്കു വിവിധ ആവശ്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി സായംപ്രഭ സേനയെ ബന്ധപ്പെടാം. ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സുകള്‍, മറ്റ അടിയന്തര ആവശ്യങ്ങള്‍ എന്നിവയെല്ലാം ബന്ധപ്പെടുത്തിയാണു സേനയുടെ പ്രവര്‍ത്തനം.വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനുമായി മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍, പോലീസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റി എന്നിവയുമായി ചേര്‍ന്ന് അടിയന്തര സാഹചര്യങ്ങളില്‍ സേന സഹായമെത്തിക്കും.
സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരും പീഡനങ്ങള്‍ നേരിടുന്നവരുമായ മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യമായ പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കിനൽകും. വയോജനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി അവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും സേനയാണ്.
സായംപ്രഭ സേന രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ 15 പകല്‍വീടുകളെ മാതൃകാ സായംപ്രഭ ഹോമുകളായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. പോഷകാഹാരം, വിനോദം, നൈപുണ്യ പരിശീലനം, സ്വയം തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ആരോഗ്യപരിരക്ഷ എന്നിവ ഇവിടങ്ങളില്‍നിന്നു ലഭ്യമാകും. ഫിസിയോതെറാപ്പിസ്റ്റുകള്‍, കെയര്‍ ഗിവര്‍മാര്‍ തുടങ്ങിയവരുടെ സേവനവും ഈ കേന്ദ്രങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്.
ജില്ലയില്‍ തിരുവാര്‍പ്പ്, എലിക്കുളം, വാഴൂര്‍ എന്നിങ്ങനെ മൂന്നു സായംപ്രഭ ഹോമുകളാണുള്ളത്. ഇതില്‍നിന്ന് എലിക്കുളം പഞ്ചായത്തിലെ പനമറ്റം സ്നേഹവീടാണു മാതൃക സായംപ്രഭ ഹോമാക്കി ഉയര്‍ത്തിയിരിക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ജില്ലയില്‍ ആര്‍ആര്‍ടി അംഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി അംഗങ്ങള്‍ക്കുള്ള പരിശീലനം തിരുവനന്തപുരത്ത് നടന്നുവരികയാണ്. പരിശീലനം പൂര്‍ത്തിയാക്കുന്ന ടീമംഗങ്ങള്‍ 21 മുതല്‍ ജില്ലയില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.
