കൊച്ചി: െൈബക്ക് യാത്രികനായ ജെയ്സ് ബെന്നി എന്ന യുവാവ് തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി മൂടാതെ കിടന്ന കുഴിയിലായിരുന്നു അപകടം.
ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയെന്തെന്ന് അടുത്തതവണ വിഷയം പരിഗണിക്കുമ്പോള്‍ അറിയിക്കണം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. അപകടം നടന്ന ശേഷം പരിഹാരമുണ്ടാക്കുന്നതിനേക്കാള്, അപകടമുണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
എല്ലാം സമൂഹം മണിക്കൂറുകള്‍ക്കകം മറക്കും. എന്നാല്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ ജീവിതകാലം മുഴുവന്‍ വിഷമിക്കും. അതിനാല്‍ സര്‍ക്കാരും സമൂഹവുമെല്ലാം ജാഗ്രത പാലിക്കണം.അലക്ഷ്യമായ ഡ്രൈവിംഗിലൂടെ അപകടങ്ങളുണ്ടാകുന്നുണ്ട്. അതിലുമേറെ വിഷമകരമാണിതെന്നും കോടതി ചൂണ്ടികാട്ടി
