റിങ്കു സിംഗ് കുടുംബാവശ്യത്തെ തുടര്‍ന്ന് സ്വദേശത്തേക്കു മടങ്ങിയതും ടോപ് ഓര്‍ഡറിന്റെ മോശം ഫോമും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിന് ഇന്നു പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ വഴിയൊരുക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ടീമിന്റെ നെറ്റ്സ് പരിശീലനത്തില്‍ സഞ്ജു ഏറെനേരം ബാറ്റും കീപ്പും ചെയ്തിരുന്നു.
അര്‍ഷദീപ് സിംഗ്, മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍ തുടങ്ങിയവരെല്ലാം സഞ്ജുവിനായി നെറ്റ്സില്‍ പന്തെറിഞ്ഞു. അര്ഷദീപിന്റെയും സിറാജിന്റെയും ഷോര്‍ട്ട് പന്തുകളെ നിലംതൊടാതെ സഞ്ജു ഗാലറിയിലേക്കു പറത്തി. എന്നാല്‍, അര്‍ഷദീപിന്റെ ഗുഡ് ലെംഗ്ത് പന്തില്‍ സഞ്ജുവിന്റെ ബാക്ക് ഫുട്ട് ഡ്രൈവ് ഫലം കണ്ടില്ല, പന്ത് കണക്ട് ചെയ്യാന്‍ സഞ്ജുവിനു സാധിച്ചില്ല. ന്യൂസിലന്‍ഡിന് എതിരായ ട്വന്റി-20 പരമ്പരയില്‍ ജേക്കബ് ഡഫിയും മാറ്റ് ഹെന്റിയും സഞ്ജുവിനെ ഗുഡ് ലെംഗ്തിലൂടെ അതിവേഗത്തില്‍ പുറത്താക്കിയിരുന്നു. അതോടെയാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍നിന്ന് സഞ്ജു തെറിച്ചത്.
2026 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സഞ്ജു. രാജസ്ഥാന് റോയല്സുമായുണ്ടായിരുന്ന സുദീര്‍ഘ കരാര്‍ അവസാനിപ്പിച്ചാണ് സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയത്. സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തുന്നതിനു മുമ്പുതന്നെ, അവരുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ കളിക്കാനുള്ള അവസരമാണ് സഞ്ജുവിനു വന്നുചേര്‍ന്നിരിക്കുന്നത്. ടീം ഇന്ത്യയുടെ പരിശീലനത്തിനിടെ സഞ്ജുവിനായി ഗാലറിയില്‍ ആരാധകര്‍ ജയ് വിളിച്ചിരുന്നു.
അക്സര്‍ പട്ടേല്‍ തിരിച്ചെത്തും
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് അക്സര്‍ പട്ടേലും ഇന്നു തിരിച്ചെത്തിയേക്കും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഹമ്മദാബാദ് പോരാട്ടത്തില്‍ അക്സര്‍ പട്ടേലിനെ പുറത്തിരുത്തിയത് വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.
ബ്ലാക്ക് സോയില്‍ പിച്ചാണ് എം.എ. ചിദംബരം സ്റ്റേഡിയത്തിലേത്. സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചേക്കില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ അരങ്ങേറിയ അഫ്ഗാനിസ്ഥാന് x ന്യൂസിലന്‍ഡ് മത്സരത്തില്‍ സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്നര്‍, റഷീദ് ഖാന്, മുജീബ് ഉര് റഹ്മാന് എന്നിവര്‍ക്കു കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാന് മുന്നോട്ടുവച്ച 183 റണ്‍സ് എന്ന ലക്ഷ്യം ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു.
സിക്കന്തർ റാസ x ഇടംകൈയന്മാര്
ഇന്ത്യയുടെ വെടിക്കെട്ട് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായ അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരെ ഈ ലോകകപ്പില്‍ ഇതുവരെ കാര്യമായ ചലനം സൃഷ്ടിച്ചില്ല. തിലകും അഭിഷേകും ഇഷാന് കിഷനും ഓഫ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ വീഴുന്ന കാഴ്ചയും അരങ്ങേറി.
പാക്കിസ്ഥാന്റെ സല്മാന് അലി ആഘ, നെതര്‍ലന്‍ഡ്സിന്റെ ആര്യന് ദത്ത്, ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ അഭിഷേകിനെയും ഇഷാന് കിഷനെയും തുടക്കത്തിലേ വീഴ്ത്തി ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്നതില്‍ വിജയിച്ചിരുന്നു.
അഭിഷേക്, ഇഷാന്, തിലക് എന്നിവര്‍ ഓഫ് സ്പിന്നര്‍മാരായ വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ നെറ്റ്സില്‍ കൂടുതല്‍ സമയം നേരിട്ടു. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് ഇന്ത്യയുടെ ഇടംകൈ ടോപ് ഓര്ഡറിനെതിരേ സിംബാബ്വെയുടെ ആയുധം.
