ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തെത്തുടർന്നു രാജ്യത്തിന്റെ ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നതിനായി താത്കാലിക നേതൃത്വ കൗൺസിൽ രൂപീകരിച്ചു. മതപണ്ഡിതനും ഗാർഡിയൻ കൗൺസിൽ അംഗവുമായ അലിറേസ അറാഫി കൗൺസിലിനെ നയിക്കും. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐഎസ്എൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഈ കൗൺസിലായിരിക്കും രാജ്യത്തിന്റെ ചുമതല വഹിക്കുക.
പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സെനി എജെ എന്നിവർക്കൊപ്പമാണ് അലിറേസ അറാഫി കൗൺസിലിൽ പ്രവർത്തിക്കുക. ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.ഖമനയ് കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ സമ്മിശ്ര പ്രതികരണങ്ങളാണു ദൃശ്യമായത്.
ശനിയാഴ്ച രാത്രി വൈകി ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപുതന്നെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി. എന്നാൽ ഇതിനു വിരുദ്ധമായി എൻഗെലാബ് സ്ക്വയറിൽ കറുത്ത വസ്ത്രമണിഞ്ഞ് ആയിരക്കണക്കിന് ആളുകൾ ഖമനയ്യുടെ ചിത്രങ്ങളുമായി വിലാപയാത്ര നടത്തി. ഖമനയ് അനുകൂലികൾ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി.
ഖമനയ്യുടെ മരണം ഒരു രാജ്യത്തിനെതിരെയുള്ള ആക്രമണമല്ല, മറിച്ച് മുസ്ലിംകൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ പറഞ്ഞു.എന്നാൽ, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളാണ് കൊല്ലപ്പെട്ടതെന്നും ഇറാന് ഇത് പുതിയൊരു അവസരമാണെന്നും യുഎസ് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.
ഇറാനിലെ ജനങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തി ഭരണകൂടത്തെ താഴെയിറക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തു.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അന്ത്യമാണിതെന്ന് മുൻ ഷായുടെ മകൻ റെസ പഹ്ലവിയും പ്രസ്താവിച്ചു.
