കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരെല്ലാം വീണ്ടും മത്സരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
തൃപ്പൂണിത്തുറയില്‍ എം. സ്വരാജിന് പകരം വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനാണ് സാധ്യത. മുന്‍പ് എം. സ്വരാജിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും, അദ്ദേഹം മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ കെ.എന്‍ ഉണ്ണികൃഷ്ണനെ ഇങ്ങോട്ട് മാറ്റാനാണ് നീക്കം. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഉണ്ണികൃഷ്ണന്റെ ജനപ്രീതി ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
കെ.എന്‍ ഉണ്ണികൃഷ്ണന് തൃപ്പൂണിത്തുറയിലേക്ക് മാറുന്നതോടെ വൈപ്പിനില്‍ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി എം.ബി. ഷൈനിയെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്. പുതുമുഖങ്ങളെയും വനിതകളെയും ഉള്‍പ്പെടുത്തി മണ്ഡലം നിലനിര്‍ത്താനാണ് നീക്കം.
യുഡിഎഫ് സ്വാധീനമുള്ള ഈ രണ്ട് മണ്ഡലങ്ങളിലും ശക്തരായ പൊതുസമ്മതരായ സ്വതന്ത്രരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം. തൃക്കാക്കരയില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ ഇത്തവണ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കും.
ജില്ലയിലെ മറ്റ് സിറ്റിംഗ് എംഎല്‍എമാരായ പി.വി ശ്രീനിജിന്‍ (കുന്നത്തുനാട്), കെ.ജെ മാക്സി (കൊച്ചി), ആന്റണി ജോണ്‍ (കോതമംഗലം) തുടങ്ങിയവര്‍ വീണ്ടും മത്സരിക്കും.
