കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങള്‍ ചോര്ന്നതിനെരേയുള്ള ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതിയില്‍ വാദം തുടരും.
മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന നിര്‍ദേശം ഇന്ന് വരെ തുടരും. സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
സര്‍ക്കാരിന്റെ സന്ദേശത്തില്‍ എന്താണ് തെറ്റെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവേ ഹര്‍ജിക്കാരോട് ഹൈക്കോടതി ചോദിച്ചു. എപ്പോള്‍ സന്ദേശം അയയ്ക്കണം എന്ന് സര്‍ക്കാരാണ് തീരുമാനിക്കുന്നത്. സ്വകാര്യത ലംഘിച്ചെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ വിരുദ്ധതയുണ്ടെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശം ലഭിച്ചു. ഡി.എ. വര്‍ധന, ശമ്പളം പരിഷ്കാരണം തുടങ്ങി ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ സാധ്യത ഉള്ള കാര്യങ്ങള്‍ ആയിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ അധ്യാപകനായ റഷീദ് അഹമ്മദ്, സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനായ കെ.എം. അനില്‍ കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
