വാഷിംഗ്ടൺ ഡിസി: ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനും ആണവ-മിസൈൽ ശേഷി തകർക്കാനും ലക്ഷ്യമിട്ടുള്ള “ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി മൂന്നാം ഘട്ട സൈനിക ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനുപിന്നാലെ, പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനുനേരെയും യുഎസ്-ഇസ്രയേൽ സഖ്യം ശക്തമായ ആക്രമണം നടത്തിയതായി ട്രംപ് വെളിപ്പെടുത്തി.
ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു മുന്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തു. ഇറാന് ഇപ്പോൾ നാവികസേനയോ വ്യോമസേനയോ ഇല്ല, റഡാർ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു. ആദ്യഘട്ട ആക്രമണത്തിൽ 49 പ്രമുഖർ കൊല്ലപ്പെട്ടു. പുതിയ നേതൃത്വത്തെ ലക്ഷ്യമിട്ട് നടന്ന തുടർച്ചയായ ആക്രമണങ്ങൾ വലിയ നാശം വരുത്തി. ഭാവിയിൽ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നു പ്രതീക്ഷ ഭൂരിഭാഗം പേരും ഇപ്പോൾ ജീവനോടെയില്ലെന്നും ട്രംപ് പറഞ്ഞു
അതേസമയം, ഖമനയ്യുടെ വധത്തിനു പിന്നാലെ മേഖലയിൽ ഇറാൻ വൻ ആക്രമണമാണു നടത്തുന്നത്. ബഹ്റൈൻ, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെയും റിയാദിലെ യുഎസ് എംബസിയെയും ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി നൽകി. ഹിസ്ബുള്ളയും ഇസ്രയേലിനുനേരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്. പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തുന്നതാണു നിലവിലെ സാഹചര്യങ്ങൾ.
