ദുബായ്/ജറുസലേം: അമേരിക്കയും ഇസ്രയേലുമായുള്ള യുദ്ധം ഒൻപതാം ദിവസത്തിലേക്കു കടക്കവെ, ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമനയ്യെ തെരഞ്ഞെടുത്തു. മുൻ നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ മകനായ മോജ്തബയുടെ നിയമനം ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളിൽ തീവ്രനിലപാടുകരുടെ ആധിപത്യം തുടരുമെന്നതിന്റെ വ്യക്തമായ സൂചനകളാണു നൽകുന്നത്. 88 അംഗങ്ങൾ അടങ്ങുന്ന ഉന്നതസമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് ഇന്നു പുലർച്ചെ മൊജ്തബയെ ഇറാന്റെ പമോന്നത നേതാവായി പ്രഖ്യാപിച്ചത്.
അംഗീകരിക്കില്ലെന്ന് ട്രംപ്
ഇറാന്റെ പുതിയ നേതൃത്വത്തെ അംഗീകരിക്കില്ലെന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടണിന്റെ അനുമതിയില്ലാതെ പുതിയ നേതാവിന് അധികകാലം തുടരാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പു നൽകി. ഇതിനിടെ, ഇറാന്റെ പുതിയ ഭരണത്തലവനെ വധിക്കുമെന്ന് ഇസ്രയേലും ഭീഷണി മുഴക്കിയിട്ടുണ്ട്. തീവ്രവാദത്തെ അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാൻ നിലവിൽ ചർച്ചകൾക്കൊന്നും ഒരുക്കമല്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന നിലപാടിലാണ് യുഎസ് പ്രസിഡന്റ്. അതേസമയം, സമാധാന ചർച്ചകൾക്ക് തങ്ങളില്ലെന്നും ആക്രമണകാരികളെ കടുത്ത രീതിയിൽ തന്നെ നേരിടുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ യുഎസ് പ്രതിനിധികൾ ഇസ്രയേൽ സന്ദർശിക്കാനിരിക്കെ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്.
ആളിപ്പടരുന്ന സംഘർഷം
ഒരാഴ്ച പിന്നിടുന്ന യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ 1500ഓളം ഇറേനിയൻ പൗരന്മാർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. ഇറാന്റെ പ്രത്യാക്രമണത്തിൽ ഏഴ് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു. ടെഹ്റാനിലെ എണ്ണ സംഭരണശാലകൾക്കനേരേ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തെത്തുടർന്ന് നഗരമാകെ കറുത്ത പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്. ഇന്ധനശാലകൾ തകർക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ ആരോപിക്കുമ്പോൾ, ഇവ മിസൈൽ നിർമാണത്തിന് ഉപയോഗിക്കുന്നുവെന്നാണ് ഇസ്രയേൽ വാദം.
