വടക്കഞ്ചേരി: വാൽകുളമ്പ്- പന്തലാംപാടം മലയോരപാതയിൽ പനംകുറ്റി ഭാഗത്തെ ടാറിംഗ് പണികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ നാട്ടുകാരിൽ ശക്തമായ പ്രതിഷേധം.
റോഡിൽ ഉറവയുള്ള മൂന്നിടത്തായി കോൺക്രീറ്റ് പണികൾ കഴിഞ്ഞ് ആഴ്ചകളേറെ കഴിഞ്ഞിട്ടും മറ്റു ഭാഗങ്ങളിലെ ടാറിംഗ് പണികൾ വൈകിപ്പിക്കുകയാണെന്നാണ് പരാതി.
ടാറിംഗിനായി റോഡിൽ വിരിച്ച മെറ്റലും പാറപ്പൊടിയുംമൂലം റോഡ് വശങ്ങളിലെ വീടുകൾ പൊടിയിൽ മുങ്ങുന്ന സ്ഥിതിയായി. വാഹനഗതാഗതം നിയന്ത്രിച്ചിട്ടുള്ളതിനാൽ ജനങ്ങളുടെ യാത്രയും ദുരിതത്തിലാണ്. പരീക്ഷകൾക്ക് പോകേണ്ട
വിദ്യാർഥികൾ പൊടിയിലൂടെ നടന്ന് അവശരാകുകയാണെന്നു രക്ഷിതാക്കൾ പറയുന്നു.
റോഡ് നവീകരണത്തിനായി രണ്ടുവർഷംമുമ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നുപറഞ്ഞ് തെരഞ്ഞെടുപ്പുകൾ വരുമ്പോഴൊക്കെ നിർമാണോദ്ഘാടനങ്ങൾ പലതവണ നടത്തി. എന്നിട്ടും പണികൾക്കിപ്പോഴും ഒച്ചിന്റെ വേഗതയേയുള്ളു. ഇനിയും കഷ്ടപ്പെടുത്താതെ ടാറിംഗ് വർക്കുകൾ പൂർത്തിയാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
