കൊട്ടിയം : വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തിൽ യാത്രക്കാർ നേരിടുന്ന പ്രതിസന്ധി റെയിൽവേ ഗേറ്റുകൾ ആണെന്നും അതിനെ മറികടക്കാൻ ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഇരവിപുരം കാവൽപ്പുരയിൽ നിർമിച്ച റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 24 മേൽപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. 13മേൽപ്പാലങ്ങൾ പൂർത്തിയായി കഴിഞ്ഞു.മേൽപ്പാലങ്ങൾ പൂർത്തിയാകുന്നതോടെ ലെവൽ ക്രോസുകൾ കൊണ്ടുണ്ടാകുന്ന ഗതാഗത തടസത്തിന് പരിഹാരം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ചിഞ്ചു റാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായി അവർ പറഞ്ഞു. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന ചടങ്ങും മന്ത്രി നിർവഹിച്ചു. എം. നൗഷാദ് എംഎൽഎഅധ്യക്ഷത വഹിച്ചു.കിഫ്ബിയിൽ നിന്ന് 38.21 കോടിയാണ് ഇരവിപുരം മേൽപ്പാല നിർമാണ പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ അനുവദിച്ചത്.
പൊതുമേഖലാ സ്ഥാപനമായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനായിരുന്നു നിർവഹണ ഏജൻസി. എസ്പിഎൽ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാറുകാർ. 412 മീറ്റർ നീളത്തിലും 10.05 മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമിച്ചിട്ടുള്ളത്. റെയിൽവെ ഭൂമിയിലെ നിർമാണപ ്രവർത്തനങ്ങൾ റെയിൽവേ നേരിട്ടും മറ്റു നിർമാണപ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഏജൻസിയായ ആർബിഡിസികെയുമാണ് നിർവഹിച്ചത്.
മേയർ എ.കെ.ഹഫീസ്, കൗൺസിലർമാരായ മഷ്ഹൂർ പള്ളിമുക്ക്, ലക്ഷ്മി ഷാജി, നിഷ സന്തോഷ്, മാജിത വഹാബ് എന്നിവർ പ്രസംഗിച്ചു. ആർബിഡിസികെ ജനറൽ മാനേജർ എം. അൻസാർ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ എസ്.ശാരി നന്ദി പറഞ്ഞു.
