കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ വന്നില്ലെങ്കിലും ജില്ലയില്‍ പ്രചാരണം ആരംഭിച്ച് മുന്നണികള്‍. വൈക്കത്തും പുതുപ്പള്ളിയിലുമാണ് പ്രചാരണത്തിന് തുടക്കമായത്. വൈക്കത്ത് എഐവൈഎഫ് നേതാവ് പി. പ്രദീപിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐ കൗണ്‍സില്‍ തീരുമാനമായതോടെ പ്രവര്‍ത്തകര്‍ സൈബറിടങ്ങളിലും ബൂത്തുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
വൈക്കത്തിന് സുപരിചിതനായ പ്രദീപ് സ്ഥാനാര്‍ഥിത്വം വന്നതോടെ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി, മുന്നണി യോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. സിറ്റിംഗ് എംഎല്‍എയായ സി.കെ. ആശയുള്പ്പെടെ പാര്‍ട്ടി നേതാക്കളെല്ലാം പ്രദീപിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയയിലുമുണ്ട്.
അതേസമയം പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സിറ്റിംഗ് എംഎല്‍എം കൂടിയായ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ഫെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രവേശിച്ചത്. പിന്നാലെ ചുവരെഴുത്താരംഭിച്ചിരിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. മീനടം കല്ലുപറമ്പ് കവലയിലാണ് ചുവരെഴുതിയത്.
ഉറപ്പുള്ള സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്തും പ്രചാരണം നേരത്തേ ആരംഭിക്കുമായിരുന്നു. അതാണ് പുതുപ്പള്ളിയിലെ രീതി. നമ്മുടെ സാരഥി അഡ്വ. ചാണ്ടി ഉമ്മന്‍ എന്നെഴുതിയ ബോര്‍ഡില്‍ ചാണ്ടി ഉമ്മന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ചിത്രവും കൈ അടയാളവുമുണ്ട്. എന്നാല്‍ പ്രചാരണം തുടങ്ങിയ വിവരം എംഎല്‍എയെ അറിയിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
