കണ്ണൂർ: ബൈക്കും കോഴിയും മോഷ്ടിച്ച കള്ളൻ ടൗൺ പോലീസിന്റെ പിടിയിൽ. കർണാടക സ്വദേശി സുനിൽകുമാർ ദേശായി ആണ് പിടിയിലായത്. മോഷണ വസ്തുക്കളുമായി ബൈക്കിൽ ചുറ്റവേയാണ് കള്ളൻ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം.രാവിലെ ഒൻപതോടെ താവക്കര പുതിയ ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്ത് അവിടെയുള്ള സ്ഥാപനത്തിൽ പോയി തിരിച്ചു വന്നപ്പോഴാണ് കോഴിക്കോട് സ്വദേശിയുടെ ബൈക്ക് മോഷണം പോയത്. തുടർന്ന് ടൗൺപോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയക്കടുത്ത് വെച്ചാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ബൈക്കു നിറയെ സാധനങ്ങളുമായി പോവുകയായിരുന്ന മോഷ്ടാവിനെ പിടികൂടി പോലീസിൽ വിവരം അറിയിച്ചത്.ബൈക്കിൽ മുഴുവനും പലസ്ഥലങ്ങളിൽ നിന്നായി എടുത്ത മോഷണ വസ്തുക്കൾ കണ്ടാണ് പലരും ഞെട്ടിയത്.
ബാഗിലുണ്ടായിരുന്ന ജീവനോടെയുള്ള രണ്ട് കോഴികൾ, ബൈക്കിന്റെ പിറകിൽ കെട്ടിയിട്ട ഒരു സൈക്കിൾ, ചാക്കിൽ നിറയെ പച്ചക്കറികൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഉണ്ടായത്. ബൈക്ക് ഉടമ താക്കോൽ വണ്ടിയിൽ മറന്ന് വെച്ച് പോയത് കള്ളന് കാര്യങ്ങൾ എളുപ്പമാക്കി.
തുടർന്നാണ് മറ്റാരുടെ യോ ഹെൽമെറ്റുമായി ബൈക്കിൽ കറങ്ങവേ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഓട്ടോ തൊഴിലാളികൾ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.
പ്രതിക്ക് മാനസിക വൈകല്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനിലെത്തിച്ച പ്രതി അവിടെയും ബഹളം വെച്ച് പോലീസിന് തലവേദനയാക്കിയിരുന്നു
