സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ പ്ര​ചാ​ര​ണം: യു​എ​ഇ​യി​ൽ 16 ഇ​ന്ത്യ​ക്കാ​ർ അ​റ​സ്റ്റി​ൽ

അ​ബു​ദാ​ബി: യു​എ​ഇ ല​ക്ഷ്യ​മി​ട്ടു​ണ്ടാ​യ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 16 ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 35 പേ​ർ അ​റ​സ്റ്റി​ൽ. യു​എ​ഇ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഡോ. ​ഹ​മ​ദ് സൈ​ഫ് അ​ൽ ഷം​സി ഉ​ത്ത​ര​വി​ട്ട​ത​നു​സ​രി​ച്ചാ​ണ് ഇ​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​നു പു​റ​മെ അ​ബു​ദാ​ബി​യി​ൽ സ​മാ​ന കു​റ്റ​ത്തി​ന് 45 പേ​രെ​ക്കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തി​നും എ​ഐ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച വ്യാ​ജ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നു​മാ​ണ് ന​ട​പ​ടി. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രേ അ​തി​വേ​ഗ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. യു​എ​ഇ നി​യ​മ​പ്ര​കാ​രം കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദി​ർ​ഹം (ഏ​ക​ദേ​ശം 22.5 ല​ക്ഷം രൂ​പ) പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

മി​സൈ​ലു​ക​ൾ വീ​ണ സ്ഥ​ല​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തും അ​വ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ ശ​ത്രു​രാ​ജ്യ​ങ്ങ​ൾ​ക്ക് യു​എ​ഇ​യു​ടെ പ്ര​തി​രോ​ധ​ശേ​ഷി മ​ന​സി​ലാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും ഇ​ത് രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment