വൈക്കം: സ്ഥാനാർഥികൾ മണ്ഡലത്തിൽ സജീവമാകുന്നതിനൊപ്പം നാടിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തും തകൃതിയായി. വൈക്കം നിയോജക മണ്ഡലത്തിന്റെ അതിർത്തിയായ പൂത്തോട്ട മുതൽ വൈക്കം,തലയോലപ്പറമ്പ് , വെള്ളൂർ, വടയാർ, വൈക്കം ടൗൺ, പുളിഞ്ചുവട്, ദളവാക്കുളം ബസ് ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സ്ഥാനാർഥിക്കായി ചുവരെഴുത്ത് നടത്തിക്കഴിഞ്ഞു.
35 വർഷമായി ചുവരെഴുത്ത് നടത്തുന്ന തലയോലപ്പറമ്പ് സ്വദേശി കെ.പി. തമ്പുരാനും 24 വർഷമായി ചുവരെഴുതുന്ന ഉദയനാപുരം നാനാടം സ്വദേശി വിനോദുമാണ് മണ്ഡലത്തിൽ ചുവരെഴുത്ത് കൊഴുപ്പിക്കുന്നത്. സിപിഎം പ്രവർത്തകനാണെങ്കിലും തമ്പുരാൻ പ്രഫഷനിൽ രാഷ്്ട്രീയം കലർത്തുന്നില്ല. വൈക്കത്തിനു പുറമേ മറ്റു മണ്ഡലങ്ങളിലും ചുവരെഴുത്ത് ബുക്കിംഗ് കിട്ടിയിട്ടുണ്ട്. കടുത്തുരുത്തിയിൽ 300 മതിലുക ളിലാണ് ചുവരെഴുത്തു നടത്തിയത്.
ഫ്ലക്സുകൾ വന്നത് ചുവരെഴുത്തുകാരെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയെങ്കിലും അനുഭവത്തിൽ അത് ഗുണകരമാകുയായിരുന്നു. പ്രഫഷണലായി ചുവരെഴുതുന്നവർ അധികമില്ലാത്തതാണ് നേട്ടമായത്. പ്രചാരണത്തിന് പരിമിതമായ ദിവസങ്ങൾ മാത്രമുള്ളതിനാൽ അധികദിവസം പണി കിട്ടില്ല. ഇനി കഷ്ടിച്ച് 15 ദിവസം കൂടി കിട്ടും. മുൻവർഷങ്ങളിൽ ഇതിൽ കൂടുതൽ ദിവസങ്ങൾ പ്രചാരണമുണ്ടായിരുന്നതിനാൽ ചുവരെഴുത്തിനും കൂടുതൽ ദിവസം ലഭിച്ചിരുന്നു.
ആർട്ടിസ്റ്റ് കെ.പി.തമ്പുരാൻ

തെരഞ്ഞെടുപ്പ് കാലത്ത് നിരവധി മണ്ഡലങ്ങളിൽ വിവിധ സ്ഥാനാർഥികൾക്കായി രണ്ടര പതിറ്റാണ്ടായി ചുവരെഴുതുന്നു. ഇക്കുറി സമയക്കുറവായതിനാൽ എല്ലായിടത്തും എത്താനാകുന്നില്ല.
ആർട്ടിസ്റ്റ് വിനോദ്

