വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാനെതിരേ ശക്തമായ താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തറിലെ എൽഎൻജി പ്ലാന്റുകൾക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഖത്തറിലെ റാസ് ലഫാൻ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് ആണ്.
ഖത്തർ നിരപരാധിയാണെന്നും ഇനിയും ഖത്തറിനെ ആക്രമിക്കാൻ മുതിർന്നാൽ ഇസ്രയേലിന്റെ സഹായമില്ലാതെതന്നെ ഇറാനെതിരേ അതിശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തകർച്ചയായിരിക്കും. ഇറാന്റെ തന്ത്രപ്രധാനമായ സൗത്ത് പാഴ്സ് എൽഎൻജി പ്ലാന്റുകൾ പൂർണമായും തകർക്കുമെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ സൗത്ത് പാഴ്സ് എൽഎൻജി പ്ലാന്റുകൾക്കെതിരേ ബുധനാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണമാണു നിലവിലെ സംഘർഷങ്ങൾ ഇരട്ടിയാക്കിയത്. ഇതിനു പ്രതികാരമെന്നോണം ഇറാൻ അയൽരാജ്യങ്ങളായ ഖത്തറിന്റെയും യുഎഇയുടെയും ഊർജകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തി.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഖത്തറിനു പങ്കില്ലെന്നും മേഖലയിലെ സംഘർഷത്തിൽ പ്രകോപിതരായാണ് ഇസ്രയേൽ ഇത്തരമൊരു ആക്രമണം നടത്തിയതെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ അറിയിച്ചു.
