ദോഹ: ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഖത്തർ റാസ് ലഫാൻ ഇൻഡുസ്ട്രിയൽ സിറ്റിയിലെ എൽഎൻജി പ്ലാന്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൻ തീപിടിത്തം ഉണ്ടാവുകയും ചെയ്തതായി ഖത്തർ എനർജി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ദോഹയിലെ ഇറേനിയൻ എംബസി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഖത്തർ ഉത്തരവിട്ടു.
ഇതിനുപുറമെ യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി, ബാബ് ഫീൽഡ് എന്നിവയ്ക്കെതിരേയും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. ഇതു മേഖലയിൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അബുദാബി ഭരണകൂടം വ്യക്തമാക്കി.
യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില അഞ്ചു ശതമാനം വർധിച്ച് ബാരലിന് 108 ഡോളറിലെത്തി. യുദ്ധം തുടങ്ങിയ ശേഷം എണ്ണവിലയിൽ ഏകദേശം 50 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണു വിലക്കയറ്റത്തിനു പ്രധാന കാരണം. അതേസമയം, ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധി മറികടക്കാൻ വെനസ്വേലയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവുവരുത്താനും യുഎസ് ട്രഷറി വിഭാഗം തീരുമാനിച്ചു.
