കോതമംഗലം: വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി കോളജ് വിദ്യാർഥിനിയും യുവാവും എക്സൈസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽനിന്ന് കോതമംഗലത്തെ കോളജ് വിദ്യാർഥികൾക്കിടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു പിടിച്ചെടുത്തു. പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈൽ ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.
റിസാന ഫാത്തിമ കോതമംഗലത്തെ സ്വകാര്യ പ്രഫഷണൽ കോളജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനമുപേക്ഷിച്ച് മയക്കുമരുന്ന് വില്പനയിലേക്കു തിരിയുകയായിരുന്നു. ദിവസേന 3000 രൂപ വാടക വരുന്ന ഹോട്ടൽ മുറികളിൽ താമസിച്ച് ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.ഇ. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
