വി​ദ്വേ​ഷ​ര​ഥ​ങ്ങ​ൾ ല​ക്ഷ്യ​ത്തി​ന​ടു​ത്തോ ?

സ്ഫോ​ട​നാ​ത്മ​ക​മാ​യ വാ​ർ​ത്ത​ക​ൾ നി​ർ​വി​കാ​ര​മാ​യി, ചി​ല​പ്പോ​ൾ ഒ​രു ചാ​യ ഊ​തി​ക്കു​ടി​ച്ചു​കൊ​ണ്ട് ആ​സ്വ​ദി​ച്ചു വാ​യി​ക്കാ​നോ കേ​ൾ​ക്കാ​നോ ക​ഴി​യു​ന്നി​ട​ത്തേ​ക്ക് നാം ​പ്ര​വേ​ശി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​ത്ത​രം വാ​ർ​ത്ത​ക​ളി​ൽ ഒ​ന്ന് അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഹെ​യ്റ്റ് ലാ​ബി​ന്‍റേ​താ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്നു.

88 ശ​ത​മാ​ന​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ര​ണ്ടാ​മ​ത്തെ വാ​ർ​ത്ത യു​എ​സ് ഹോ​ളോ​കോ​സ്റ്റ് മ്യൂ​സി​യ​ത്തി​ന്‍റേ​താ​ണ്. ഇ​ന്ത്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും 168 രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​യാ​ണെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി രാ​ജ്യ​ത്തു ദൃ​ശ്യ​മാ​യി​രു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പു​തി​യ ത​ല​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ എ​വി​ടെ എ​ന്ന യാ​ന്ത്രി​ക ചോ​ദ്യ​ത്തി​നൊ​പ്പം പ്ര​തി​പ​ക്ഷ​ങ്ങ​ൾ, മാ​ധ്യ​മ​ങ്ങ​ൾ, കോ​ട​തി​ക​ൾ, മ​ത​നേ​തൃ​ത്വ​ങ്ങ​ൾ, മ​തേ​ത​ര പ്ര​സ്ഥാ​ന​ങ്ങ​ൾ ഒ​ക്കെ എ​വി​ടെ​യെ​ന്ന നി​രാ​ശാ​ഭ​രി​ത​മാ​യ ചോ​ദ്യ​വും ഉ​യ​രു​ന്നു. മു​ക​ളി​ൽ പ​റ​ഞ്ഞ ര​ണ്ടു വാ​ർ​ത്ത​ക​ളും പ​ര​സ്പ​ര​ബ​ന്ധി​ത​മാ​ണ്. വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളും ഭ​ര​ണ​കൂ​ട നി​ഷ്ക്രി​യ​ത​യു​മാ​ണ് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും കാ​ര​ണം.

2025ൽ 1,318 ​വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 2024ലെ 1,165 ​സം​ഭ​വ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 13 ശ​ത​മാ​നം വ​ർ​ധ​ന. 2023ലെ 668 ​സം​ഭ​വ​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ൽ 97 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന. 2024 മു​ത​ൽ മു​സ്‌​ലിം​ക​ൾ​ക്കെ​തി​രാ​യ വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ 12 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. ക്രി​സ്ത്യാ​നി​ക​ൾ​ക്കെ​തി​രാ​യ വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഏ​ക​ദേ​ശം 41 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന.

88 ശ​ത​മാ​ന​വും, അ​താ​യ​ത് 1,318 വി​ദ്വേ​ഷ​പ്ര​സം​ഗ സം​ഭ​വ​ങ്ങ​ളി​ൽ 1,164 എ​ണ്ണ​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​രു​ന്നു. ഹി​ന്ദു​ത്വ സം​ഘ​ട​നാ-​രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും അ​വി​ശ്വ​സ്ത​രും ദേ​ശ​വി​രു​ദ്ധ​രും അ​പ​ക​ട​കാ​രി​ക​ളും ജ​ന​സം​ഖ്യാ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​വ​രു​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ, ഭ​യ​പ്പെ​ടു​ത്തു​ന്ന ആ​ഖ്യാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ​ത്ത​രം ആ​ഖ്യാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പൊ​തു​ച​ർ​ച്ച​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും ദേ​ശ​സു​ര​ക്ഷ​യു​ടെ​യും മു​ഖ്യ പ്ര​മേ​യ​മാ​കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. വി​ദ്വേ​ഷ​പ്ര​സം​ഗ​ത്തി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി ഒ​ന്നാ​മ​തും വി​എ​ച്ച്പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ പ്ര​വീ​ൺ തെ​ഗാ​ഡി​യ ര​ണ്ടാ​മ​തു​മു​ണ്ട്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥു​മൊ​ക്കെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. റി​പ്പോ​ർ​ട്ടി​ൽ ഇ​ല്ലെ​ങ്കി​ലും, പ്ര​സം​ഗ​ത്തെ വി​ദ്വേ​ഷ​ക​ല​യാ​ക്കി​യ​വ​ർ കേ​ര​ള​ത്തി​ലും എ​ത്ര സ്വ​ത​ന്ത്ര​രാ​ണ്!

വി​ദ്വേ​ഷ​പ്ര​ചാ​ര​ണം ന​മ്മെ എ​വി​ടെ​യെ​ത്തി​ക്കു​മെ​ന്ന​തി​ന്‍റെ സൂ​ച​ക​മാ​ണ് ര​ണ്ടാ​മ​ത്തെ റി​പ്പോ​ർ​ട്ട്. ഹോ​ളോ​കോ​സ്റ്റ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​യം റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം കൂ​ട്ട​ക്കൊ​ല​ക​ൾ​ക്ക് 7.5 ശ​ത​മാ​നം സാ​ധ്യ​ത​യു​ണ്ട്. വം​ശം, മ​തം, രാ​ഷ്‌​ട്രീ​യം, ഭൂ​മി​ശാ​സ്ത്രം എ​ന്നി​വ സാ​യു​ധ​സം​ഘ​ങ്ങ​ൾ ന​ട​ത്തു​ന്ന കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു കാ​ര​ണ​മാ​കാം. കൂ​ട്ട​ക്കൊ​ല​ക​ള്‍ ന​ട​ക്കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള 168 രാ​ജ്യ​ങ്ങ​ളി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

മ്യാ​ന്‍​മ​ര്‍, ചാ​ഡ്, സു​ഡാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കു മു​ന്നി​ൽ. 2014 മു​ത​ല്‍ മ്യൂ​സി​യം ഇ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഇ​റ​ക്കു​ന്നു​ണ്ട്. മ്യാ​ന്‍​മ​റി​ല്‍ രോ​ഹിം​ഗ്യ​ക​ള്‍​ക്കെ​തി​രാ​യ വം​ശ​ഹ​ത്യ​യെ​ക്കു​റി​ച്ചും ദ​ക്ഷി​ണ സു​ഡാ​നി​ലെ​യും എ​ത്യോ​പ്യ​യി​ലെ​യും കൂ​ട്ട​ക്കൊ​ല​ക​ളെ​ക്കു​റി​ച്ചും മു​ന്ന​റി​യി​പ്പു​ക​ളു​ണ്ടാ​യി​രു​ന്നെ​ന്നും പ​ക്ഷേ, അ​വ​യ്‌​ക്കെ​തി​രേ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

കൂ​ട്ട​ക്കൊ​ല​ക​ള്‍ ത​ട​യു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സം​ഘ​ട​ന​ക​ളെ​യും സ​ഹാ​യി​ക്കു​ക​യാ​ണ് റി​പ്പോ​ർ​ട്ടി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഗ​വേ​ഷ​ണ ഡ​യ​റ​ക്ട​ര്‍ ലോ​റ​ന്‍​സ് വൂ​ച്ച​ര്‍ ആ​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. യൂ​റോ​പ്പി​ലെ ഹോ​ളോ​കോ​സ്റ്റ് ത​ട​യാ​മാ​യി​രു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ വൂ​ച്ച​ര്‍, മു​ന്ന​റി​യി​പ്പ് സൂ​ച​ന​ക​ള്‍ ശ്ര​ദ്ധി​ക്കു​ക​യും നേ​ര​ത്തേ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും പ​റ​ഞ്ഞു.

വി​ദ്വേ​ഷ​പ്ര​ചാ​ര​ണം വെ​റു​തെ സം​ഭ​വി​ക്കു​ന്ന​ത​ല്ല. അ​തി​നൊ​രു ല​ക്ഷ്യ​മു​ണ്ട്. അ​ത് അ​ധി​കാ​രം നേ​ട​ലി​ൽ തു​ട​ങ്ങി, അ​ധി​കാ​രം നി​ല​നി​ർ​ത്ത​ലും കൂ​ട്ട​ക്കൊ​ല​ക​ളും വം​ശ​ഹ​ത്യ​ക​ളും പി​ന്നി​ട്ട് മ​ത​രാ​ഷ്‌​ട്ര​ത്തെ വ​രെ ല​ക്ഷ്യം വ​യ്ക്കു​ന്ന ഭൂ​രി​പ​ക്ഷ പ്ര​ലോ​ഭ​ന​ങ്ങ​ൾ നി​റ​ച്ച ര​ഥ​മാ​ണ്. മു​ക​ളി​ൽ പ​റ​ഞ്ഞ ര​ണ്ടു റി​പ്പോ​ർ​ട്ടു​ക​ളും ഈ ​സാ​ധ്യ​ത​ക​ൾ ഊ​ന്നി​പ്പ​റ​യു​ന്ന​താ​ണ്.

ഹി​റ്റ്‌​ല​ർ കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാ​ന്പു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു വ​ള​രെ മു​ന്പ് വി​ദ്വേ​ഷ​പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. ആ​ര്യ​ന്മാ​രു​ടെ വം​ശ​ശു​ദ്ധി​യും ഇ​ത​ര​വം​ശ വി​ദ്വേ​ഷ​വും കു​ത്തി​നി​റ​ച്ച മ​യി​ൻ കാം​ഫ് 1925ൽ ​പു​റ​ത്തി​റ​ക്കി. ആ ​വം​ശീ​യ വി​ചാ​ര​ധാ​ര​യി​ൽ​നി​ന്നാ​ണ് നാ​സി പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി​യ​ത്. യ​ഹൂ​ദ​ർ ശ​ത്രു​ക്ക​ളാ​ണെ​ന്നും രാ​ജ്യ​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നും സ്ഥാ​പി​ച്ചു.

ജ​ന​പി​ന്തു​ണ​യ്ക്കാ​യി അ​വ​ർ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ക​യും ത​ത്സ​മ​യം വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. നു​ണ​ക​ൾ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു സ​ത്യ​മാ​ക്കാ​ൻ ശ്ര​മി​ച്ച, പ്ര​ചാ​ര​ണ മ​ന്ത്രി ജോ​സ​ഫ് ഗീ​ബ​ൽ​സി​ന്‍റെ ത​ന്ത്ര​മാ​ണ് ഇ​ന്നും പ​ല​രും ആ​വ​ർ​ത്തി​ക്കു​ന്ന​ത്. വെ​റു​പ്പി​ന്‍റെ പ്ര​വാ​ഹ​ങ്ങ​ളാ​യി​രു​ന്നു നാ​സി​ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ളെ​ല്ലാം.

പി​ന്നീ​ടു​ണ്ടാ​യ​തു ച​രി​ത്ര​മാ​ണ്. ഇ​ന്ത്യ​യി​ൽ അ​തു സം​ഭ​വി​ക്കു​മോ​യെ​ന്ന​ല്ല, അ​തി​നു​ള്ള സാ​ധ്യ​ത​ക​ൾ​പോ​ലും സൃ​ഷ്ടി​ക്കി​ല്ലെ​ന്നാ​ണ് നാം ​ഉ​റ​പ്പാ​ക്കേ​ണ്ട​ത്. രാ​ജ്യ​മൊ​ട്ടാ​കെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്പോ​ൾ, പ്ര​തി​രോ​ധം പ്ര​സ്താ​വ​ന​ക​ളി​ലൊ​തു​ക്ക​രു​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്പോ​ൾ ത​ന്നെ, അ​ധി​കാ​ര​ത്തി​ലി​രു​ന്ന് അ​വ​ർ ന​ട​ത്തു​ന്ന വി​ദ്വേ​ഷ​വ്യാ​പ​ന​ത്തെ എ​ങ്ങ​നെ ത​ട​യാ​നാ​കു​മെ​ന്ന് രാ​ജ്യം ഒ​ന്നി​ച്ചി​രു​ന്നു ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്.

ഇ​ന്ത്യ​യി​ലെ സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ങ്ങ​ളൊ​ക്കെ നി​സാ​ര​മാ​ണെ​ന്നു വ​രു​ത്താ​ൻ, വി​ദേ​ശ​ത്തെ ഇ​സ്‌​ലാ​മി​ക തീ​വ്രാ​ദ​ത്തെ നോ​ക്കാ​ൻ പ​റ​യു​ന്ന വ​ർ​ഗീ​യ പോ​ഷ​ക​സം​ഘ​ട​ന​ക​ളെ – ന്യൂ​ന​പ​ക്ഷ വി​ലാ​സ​ത്തി​ലു​ള്ള​താ​ണെ​ങ്കി​ലും – വി​ശ്വ​സി​ക്ക​രു​ത്. ഒ​രു ഭ്രാ​ന്തി​നെ മ​റ്റൊ​ന്നു​കൊ​ണ്ടു ത​ട​യാ​നാ​കി​ല്ല. ഭ​ര​ണ​ഘ​ട​ന​യെ​യും കോ​ട​തി​ക​ളെ​യും ആ​ശ്ര​യി​ക്ക​ണം. വ​ർ​ഗീ​യ-​ആ​രാ​ധ​നാ​ല​യ വി​ധി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ന്തി​മ​പ​രി​ഹാ​ര സാ​ധ്യ​ത​ക​ളെ കൈ​വെ​ടി​യ​രു​ത്.

പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ന്യൂ​ന​പ​ക്ഷ മ​ത​നേ​തൃ​ത്വ​വും നി​യ​മ​വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന സ്ഥി​രം നി​രീ​ക്ഷ​ണ-​നി​യ​മ​പ​രി​ഹാ​ര സം​വി​ധാ​ന​ത്തി​ന് വി​ദ്വേ​ഷ​ര​ഥ​ങ്ങ​ൾ ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​ന്പോ​ഴെ​ങ്കി​ലും നാം ​ത​യാ​റാ​ക​ണം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വം​ശ​വെ​റി​ക്കെ​തി​രേ പൊ​രു​തി​യ നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ വാ​ക്കു​ക​ൾ ക​രു​ത്തു​റ്റ​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തു​മാ​ണ്.

“തൊ​ലി​നി​റ​ത്തി​ന്‍റെ​യോ മ​ത​ത്തി​ന്‍റെ​യോ പേ​രി​ൽ മ​റ്റൊ​രാ​ളെ വെ​റു​ത്തു​കൊ​ണ്ട് ആ​രും ജ​നി​ക്കു​ന്നി​ല്ല. വെ​റു​ക്കാ​ൻ നാം ​പി​ന്നീ​ടു പ​ഠി​ക്കു​ക​യാ​ണ്. വെ​റു​ക്കാ​ൻ പ​ഠി​പ്പി​ക്കാ​മെ​ങ്കി​ൽ സ്നേ​ഹി​ക്കാ​നും പ​ഠി​പ്പി​ക്കാം. കാ​ര​ണം, സ്നേ​ഹം അ​തി​ന്‍റെ വി​പ​രീ​ത​ത്തേ​ക്കാ​ൾ സ്വാ​ഭാ​വി​ക​മാ​യി മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ലേ​ക്ക് വ​രു​ന്നു.” ശ​രി​യാ​ണ്, വി​ദ്വേ​ഷം പ​ഠി​പ്പി​ക്കു​ന്ന​വ​ർ ഇ​ന്ത്യ​യി​ൽ ധാ​രാ​ള​മു​ണ്ട്.

പ​ക്ഷേ, അ​തി​ലേ​റെ​പ്പേ​ർ സ്നേ​ഹം പ​ഠി​പ്പി​ക്കാ​തെ, വി​ദ്വേ​ഷ​വി​ദ്യാ​ല​യ​ങ്ങ​ളെ ത​ട​യാ​തെ, നി​യ​മ​പ​രി​ഹാ​ര​ത്തി​നു മു​തി​രാ​തെ നി​ഷ്ക്രി​യ​രാ​യി​രി​ക്കു​ന്നു. കു​റ്റ​ക്കാ​ർ അ​വ​ർ മാ​ത്ര​മ​ല്ല.

Related posts

Leave a Comment