അല്ലു അര്ജുന് ചിത്രം പുഷ്പ 2 ദ റൂളിനെതിരെ നടി ദിവി വാഥ്യ. കഥ പറഞ്ഞപ്പോള്‍ തന്റെ കഥാപാത്രം വലുതും പ്രാധാന്യമുള്ളതുമായിരുന്നു. എന്നാല്‍ ചിത്രം സ്ക്രീനില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയെന്നാണ് ദിവി പറയുന്നത്.
‘എന്നോട് കഥ പറഞ്ഞപ്പോള്‍ വലിയ വേഷമാണെന്നാണ് പറഞ്ഞത്. വേര് ഈസ് പുഷ്പ 2 ദി റൂളിന്റെ ടീസര്‍ വന്നപ്പോള്‍ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ പ്രതീക്ഷകള്‍ തകര്‍ന്നു. അതെന്നെ ഏറെ വേദനിപ്പിച്ചു. അതെ, എനിക്ക് സങ്കടം തോന്നി. പക്ഷേ, എന്റെ വേദന ആര് കാര്യമാക്കാനാണ്? തോളില്‍ തട്ടി മുന്നോട്ട് പോവുക മാത്രമേ ചെയ്യാനുള്ളൂ.
ഏറെ പ്രതീക്ഷയോടെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിനിമ കാണാന്‍ പോയത്. പത്ത് ദിവസമാണ് സിനിമയ്ക്കായി ഡബ്ബ് ചെയ്തത്. 20 ദിവസം അഭിനയിക്കുകയും ചെയ്തു. ഞാന്‍ നന്നായി അഭിനയിച്ചെന്നും അറിയാം. പക്ഷേ, സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അല്ലു അര്ജുന് അവതരിപ്പിച്ച പുഷ്പയെ പിന്തുടരുന്ന മിന്നു ഉമ ദേവി എന്ന റിപ്പോര്‍ട്ടറുടെ വേഷമായിരുന്നു ചിത്രത്തില്‍ എനിക്ക്’ എന്ന് ദിവി വാഥ്യ പറഞ്ഞു.
