അബുദാബി: ഇറാന്റെ ഭീഷണികളെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം സുഗമമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി യുഎഇ രംഗത്ത്. ഈ രാജ്യാന്തര സമുദ്ര ദൗത്യ സൈനികസഖ്യത്തിന്റെ ഭാഗമാകാൻ തങ്ങൾ തയാറാണെന്നും യുഎഇ വ്യക്തമാക്കി. ദൗത്യത്തിനായി തങ്ങളുടെ നാവികസേനയെ ഏതുസമയവും വിട്ടുനൽകാൻ തയാറാണെന്നും അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും യുഎഇ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഹോർമുസിനായി കഴിയുന്നത്ര വിശാലമായ ഒരു രാജ്യാന്തര ദൗത്യസേന രൂപീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാനെതിരേ യുദ്ധം ചെയ്യാനല്ല ഈ ദൗത്യസേനയെന്നും യുഎഇ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയ്ക്കെതിരേ ഇറാൻ യുദ്ധം ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന കടുത്ത നിലപാടിലാണ് യുഎഇ.
നാവികസേനയുടെ അകമ്പടിയില്ലാതെ കടലിടുക്ക് വീണ്ടും തുറക്കാൻ എളുപ്പവഴിയില്ലെന്നാണു ഗൾഫ് രാജ്യങ്ങളും ട്രംപ് ഭരണകൂടവും വിശ്വസിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ കപ്പലുകൾക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
തങ്ങൾക്കുനേരേ ഇറാൻ ആക്രമണങ്ങൾ തുടരുന്നതിൽ ഗൾഫ് രാജ്യങ്ങൾ അസ്വസ്ഥരാണ്. അതിനാൽത്തന്നെ ഇറാനെ സൈനികപരമായി നിർവീര്യമാക്കണമെന്നാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും കിട്ടിയ അവസരം ഉപയോഗിച്ച് ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
ഇറാൻ ഇതുവരെ നടത്തിയ ഏകദേശം 85 ശതമാനം ആക്രമണങ്ങളും ലക്ഷ്യം വച്ചത് ഗൾഫ് രാജ്യങ്ങളെയാണെന്ന് കഴിഞ്ഞദിവസം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആരോപിച്ചിരുന്നു. ഇറാൻ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
