വാഷിംഗ്ടൺ ഡിസി: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവായുധ നിർമാണങ്ങൾ തകർക്കനാണ് ഈ നീക്കം. യുഎസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതിനിടെ, കുവൈറ്റിലെ വൈദ്യുതിനിലയത്തിനുനേരേ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരേ നടന്ന ആക്രമണത്തിൽ കെട്ടിടങ്ങൾക്കു വൻ നാശം സംഭവിച്ചിട്ടുണ്ട്. കുവൈറ്റ് വിമാനത്താവളത്തിനുനേരേ നടത്തിയ ഡ്രോൺ ആക്രമണത്തിലും കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
യുദ്ധം ആഗോള എണ്ണ-വാതക വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നു കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്മേൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതു വിപണിയിൽ വിലക്കയറ്റത്തിനു കാരണമായി. വിമാനയാത്രയെയും യുദ്ധം കാര്യമായി ബാധിച്ചിട്ടുണ്ട്. ചെങ്കടലിലെ ബാബ് എൽ-മന്ദെബ് കടലിടുക്കിൽ ഹൂതികൾ വീണ്ടും ആക്രമണം തുടങ്ങിയാൽ ആഗോള ഷിപ്പിംഗ് രംഗം കൂടുതൽ പ്രതിസന്ധിയിലാകും.
ഇറാനുമായി ഉടൻ കരാർ
ഇറാനുമായുള്ള യുദ്ധത്തിൽ അവരുടെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടതോടെ അവിടെ ഭരണമാറ്റം സംഭവിച്ചുകഴിഞ്ഞെന്ന് എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഇറാനിൽ അധികാരത്തിലുള്ളതു പുതിയൊരു വിഭാഗമാണെന്നും അവരുമായി ഉടൻ തന്നെ കരാറിലെത്താൻ സാധിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
സമാധാനത്തിനായി അമേരിക്ക മുന്നോട്ടുവച്ച പതിനഞ്ചു നിബന്ധനകളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനിൽ കരസേനയെ ഇറക്കാനും അമേരിക്ക പദ്ധതിയിടുന്നുണ്ട്.
4,500 കടന്ന് മരണസംഖ്യ
നാലാഴ്ച പിന്നിടുന്ന യുദ്ധത്തിൽ ഇതുവരെ 4,500ലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ഭൂരിഭാഗം മരണവും സംഭവിച്ചത് ഇറാനിലാണ്. ലെബനനിൽ 1,200 പേരും ഇസ്രയേൽ, യുഎസ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി നൂറിലധികം പേരും കൊല്ലപ്പെട്ടു. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനുനേരേ നടന്ന ആക്രമണത്തിൽ 15 യുഎസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
