മട്ടന്നൂർ: കമ്യൂണിസ്റ്റ് പാർട്ടി കമ്മീഷൻ പാർട്ടിയായി മാറിയെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. പത്ത് വർഷം കൊണ്ട് വൻകിട പദ്ധതികൾ ഒന്നു പോലും നടപ്പാക്കാൻ കഴിയാത്തവരാണ് കമ്മീഷൻ പദ്ധതികൾ മാത്രം നടത്തി പാർട്ടി ഫണ്ട് മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരിയുടെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടന സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസുമായും ബിജെപിയുമായും പലകാലത്തും ചങ്ങാത്തം കൂടിയത് സിപിഎമ്മാണ്.
1977 മുതൽ നടത്തിയ ചങ്ങാത്തം മറച്ചുപിടിക്കാനുള്ള വിടുവായത്തം ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരായ സിപിഎമ്മിന്റെയും പിണറായിയുടെയും നിലപാട് കാപട്യമാണ്.
ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരാനായി കാത്തിരിക്കുകയാണ് ജനങ്ങൾ. മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരിയെ വിജയിപ്പിക്കുമെന്നുറപ്പാണെന്നും എം.എം. ഹസൻ പറഞ്ഞു. സഫീർ കാക്കൂൽ അധ്യക്ഷത വഹിച്ചു. ഇ.പി. ഷംസുദ്ദീൻ, കാഞ്ഞിരോളി രാഘവൻ, എം.കെ. കുഞ്ഞിക്കണ്ണൻ, പി.എം. ആബൂട്ടി, ലത്തീഫ് ശിവപുരം, എം. അസ്കർ, ഷബീർ എടയന്നൂർ, ത്വാഹ കൂടാളി, സുജാത എന്നിവർ പ്രസംഗിച്ചു.
