ദുബായ്: അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കാനായി പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടന്നുവന്ന മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചതോടെ വെടിനിർത്തൽ നീക്കങ്ങൾ പ്രതിസന്ധിയിൽ. അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ.
പാക്കിസ്ഥാൻ വഴിയുള്ള നയതന്ത്രശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഈജിപ്തും തുർക്കിയും ബദൽ മാർഗങ്ങൾ ആലോചിച്ചുതുടങ്ങി. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഖത്തർ അല്ലെങ്കിൽ ഇസ്താംബുൾ വേദിയാക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനു പകരമായി വെടിനിർത്തൽ നടപ്പിലാക്കാനുള്ള നിർദേശമാണു നിലവിലെ ചർച്ചാവിഷയം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിക്കുകയും വെടിനിർത്തൽ സാധ്യതകൾ ആരായുകയും ചെയ്തിരുന്നു. ഇറാൻ പ്രസിഡന്റ് വെടിനിർത്തൽ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് തന്റെ “ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിലൂടെ അവകാശപ്പെട്ടു. എന്നാൽ ഹോർമുസ് കടലിടുക്ക് പൂർണമായും സ്വതന്ത്രമാക്കിയാൽ മാത്രമേ ചർച്ചകളെക്കുറിച്ച് ആലോചിക്കൂ എന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുവരെ ഇറാനുമേൽ കനത്ത ആക്രമണങ്ങൾ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെ “ശിലായുഗത്തിലേക്കു തിരിച്ചയയ്ക്കും’ എന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ വെടിനിർത്തൽ വേണമെന്ന ട്രംപിന്റെ അവകാശവാദം ഇറാന്റെ വിദേശകാര്യ മന്ത്രാലയം തള്ളി. ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇറാൻ വക്താവ് വ്യക്തമാക്കി.
