മുണ്ടക്കയം: ജനവാസ മേഖലയോട് ചേർന്ന് വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനിൽ മാലിന്യം തള്ളൽ രൂക്ഷം. മുണ്ടക്കയം – കോരുത്തോട് റോഡിൽ വണ്ടൻപതാൽ മുതൽ പനക്കച്ചിറ വരെയുള്ള റോഡിന്റെ വശങ്ങളിലെ തേക്ക് പ്ലാന്റേഷനിലാണ് വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. വനമേഖലയോടു ചേർന്നുള്ള പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്താണ് വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനുള്ളത്.
ശബരിമല വനത്തോട് ചേർന്നുള്ള മേഖലയിലാണ് വണ്ടൻപതാൽ തേക്ക് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ പ്ലാന്റേഷനിലൂടെ കടന്നുപോകുന്ന കോരുത്തോട് റോഡിന്റെ വശങ്ങളിലാണ് കിലോമീറ്റർ ദൂരത്തിൽ വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള ജൈവ അജൈവ മാലിന്യങ്ങളും വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ വൻതോതിലാണ് റോഡിന്റെ വശങ്ങളിൽ തള്ളിയിരിക്കുന്നത്.
കൂടാതെ മത്സ്യ – മാംസ അവശിഷ്ടങ്ങളും ചാക്കിൽ കെട്ടിയും അല്ലാതെയും റോഡിന്റെ വശങ്ങളിൽ കുമിഞ്ഞുകൂടികിടക്കുകയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ചാണ് വലിയതോതിൽ മാലിന്യം നിക്ഷേപിക്കുന്നത്. ഇതോടെ വനമേഖലയിൽനിന്നു കാട്ടുപോത്ത്, കാട്ടുപന്നി അടക്കമുള്ളവ തേക്ക് പ്ലാന്റേഷനിലൂടെ വ്യാപകമായി ജനവാസ മേഖലയിലേക്ക് എത്തുകയാണ്.
നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കോരുത്തോട് റോഡിൽ കാട്ടുപോത്തിടിച്ച് നാല് അപകടമാണുണ്ടായത്. വനം വകുപ്പിന്റെ ഓഫീസിനോട് ചേർന്ന് മാലിന്യം വലിയ രീതിയിൽ തള്ളിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഈ മാലിന്യം ഭക്ഷിക്കുവാനായി കാട്ടുപന്നി അടക്കമുള്ള മൃഗങ്ങൾ ഇവിടെ എത്തുകയും പിന്നീട് ഇവ ജനവാസ മേഖലയിൽ വിഹരിക്കുകയുമാണ് ചെയ്യുന്നത്.
സർക്കാർ ജീവനക്കാർ ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടതോടെ മേഖലയിലെ പരിശോധനകൾ പൂർണമായുംനിന്ന അവസ്ഥയിലാണ്. കോരുത്തോട് പഞ്ചായത്തിന്റെ ഭാഗമാണെങ്കിലും മാലിന്യ തള്ളുന്നതു തടയുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇതോടെ പ്രകൃതിമനോഹരമായ തേക്ക് പ്ലാന്റേഷനിലൂടെ മൂക്കുപൊത്തി സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ കർശന നടപടികൾ സർക്കാർ സ്വീകരിക്കുമ്പോഴും ഇവിടെ ഇതൊന്നും പ്രാവർത്തികമാകുന്നില്ല.
