വാഷിംഗ്ടൺ ഡിസി: ഇറാനിൽ കുടുങ്ങിയ എഫ്-15 വൈമാനികനെ വീണ്ടെടുക്കാനായി അമേരിക്ക നടത്തിയ അസാധാരണ ഓപ്പറേഷനിൽ പങ്കെടുത്തത് നൂറുകണക്കിന് സൈനികരും ഡസൻകണക്കിന് യുദ്ധവിമാനങ്ങളും. ഇറേനിയൻ സൈന്യത്തിന്റെ കൈയിലകപ്പെടും മുന്പ് വൈമാനികനെ കണ്ടെത്താനായി അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ വ്യാജപ്രചാരണവും വിജയകരമായി അരങ്ങേറി.
കേണൽ റാങ്കിലുള്ള വൈമാനികനെ വിജയകരമായി രക്ഷപ്പെടുത്തിയെന്നും അമേരിക്കൻ ഭാഗത്ത് ആളപായമില്ലെന്നുമാണ് പ്രസിഡന്റ് ട്രംപ് അറിയിച്ചത്. അതേസമയം, ഇറാനിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച ഇറാൻ വീഴ്ത്തിയ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനത്തിലെ പൈലറ്റിനെയും ആയുധങ്ങൾ കൈകാര്യം ചെയ്യുന്ന വെപ്പൺ സിസ്റ്റം ഓഫീസറിനെയും കണ്ടെത്താനായി കൊഗിലുയേ ആൻഡ് ബോയർ അഹമ്മദ്, ഇസ്ഫഹാൻ, ചഹർമൽ ആൻഡ് ബക്തിയാരി എന്നീ മൂന്നു പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് അമേരിക്ക തെരച്ചിൽ നടത്തിയത്.
ട്രാൻസ്പോർട്ട് വിമാനങ്ങളിൽ ഇറാന്റെ മണ്ണിലിറങ്ങിയ അമേരിക്കൻ സൈനികർക്ക് സുരക്ഷ ഒരുക്കാനായി മുകളിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമുണ്ടായിരുന്നു. അമേരിക്കൻ സേനയിലെ ഏറ്റവും മികച്ച കമാൻഡോകളും പരിചയസന്പന്നരും ഓപ്പറേഷനിൽ പങ്കാളിയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പൈലറ്റിനെ നേരത്തേതന്നെ കണ്ടെത്താൻ അമേരിക്കൻ സൈനികർക്കു കഴിഞ്ഞു. എന്നാൽ വെപ്പൺ ഓഫീസറെ കണ്ടെത്തൽ ദുഷ്കരമായി. ഈ വൈമാനികനെ തെരഞ്ഞ് ഇറേനിയൻ സേനയും രംഗത്തിറങ്ങി. വൈമാനികനെ പിടിച്ചു കൊടുക്കുന്നവർക്ക് 60,000 യുഎസ് ഡോളർ വരുന്ന തുക പാരിതോഷികം പ്രഖ്യാപിച്ചു. എന്നാൽ, ഒരു കൈത്തോക്ക് മാത്രം ആയുധമായുള്ള വൈമാനികന് ഇറേനിയൻ ജനതയുടെയോ സൈനികരുടെയോ കണ്ണിൽപ്പെടാതിരിക്കാൻ കഴിഞ്ഞു.
ഇതിനിടെ, ശത്രുവിനെ കബളിപ്പിക്കാനുള്ള തന്ത്രമെന്ന നിലയിൽ, വൈമാനികനെ രക്ഷിച്ചുവെന്ന പ്രചാരണം സിഐഎ ഇറാനുള്ളിൽ നടത്തി. മലനിരകളിലെ വിടവിൽ ഒളിച്ചിരുന്ന വൈമാനികനെ കണ്ടെത്തി അമേരിക്കൻ സേനയ്ക്കു വിവരം കൈമാറിയതും സിഐഎ ആണെന്നു പറയുന്നു.
വൈമാനികനെ പിടികൂടാനെത്തിയ ഇറേനിയൻ സൈനികരെ അമേരിക്കൻ സേന നേരിട്ടുവെന്നാണ് റിപ്പോർട്ട്. ഇറേനിയൻ സൈനികർ തെരച്ചിൽ മേഖലയിൽ കടക്കാൻ അമേരിക്കൻ സേന അനുവദിച്ചില്ല. ഇതിനിടെയാണ് അഞ്ച് ഇറേനിയൻ സൈനികർ കൊല്ലപ്പെട്ടത്. അമേരിക്കൻ സേനയുടെ തെരച്ചിൽ ശനിയാഴ്ച വൈകുന്നേരം അവസാനിച്ചു.
