മുംബൈ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയതായി പരാതി. മുംബൈ സ്വദേശിയായ യാത്രക്കാരൻ ഭക്ഷണത്തിലെ പാറ്റയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
അഹമ്മദാബാദ്-മുംബൈ യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചതോടെ റെയിൽവെ കരാറുകാരനെതിരെ നടപടിയെടുത്തു.
ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് എന്ന കരാറുകാരനാണ് ഭക്ഷണം എത്തിച്ചതെന്ന് യാത്രക്കാരൻ ചൂണ്ടിക്കാട്ടി. താൻ യാത്ര ചെയ്ത കോച്ചിൽ ചുരുങ്ങിയത് രണ്ട് പേർക്കെങ്കിലും മോശം ഭക്ഷണം ലഭിച്ചതായി യാത്രക്കാരൻ വ്യക്തമാക്കി.
കരാറുകാരന് 10 ലക്ഷം രൂപ പിഴയും റെയിൽവെ ചുമത്തിയിട്ടുണ്ട്. ഇതുകൂടാതെ സേവനദാതാവിന്റെ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.
