ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ ഇറാൻ പുതിയ തലത്തിലേക്കു പ്രവേശിക്കുകയാണെന്നു പരമോന്നത നേതാവ് മുജ്തബ ഖമനയ്. രാജ്യത്തിനുനേരേ ആക്രമണം നടത്തിയവർ ശിക്ഷിക്കപ്പെടുമെന്ന് മുജ്തബ മുന്നറിയിപ്പു നൽകി. നിലവിലെ വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഇറാൻ തങ്ങളുടെ സൈനികവും നയതന്ത്രവുമായ നിലപാടുകൾ കടുപ്പിക്കുന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്.
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ പിതാവ് ആയത്തുള്ള അലി ഖമനയ്യുടെ മരണത്തിനു തീർച്ചയായും പ്രതികാരം ചെയ്യുമെന്ന് മുജ്തബ ആവർത്തിച്ചു. യുദ്ധം ഇറാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ രാജ്യത്തിന്റെ അവകാശങ്ങൾ അടിയറവയ്ക്കില്ലെന്നും മുജ്തബ വ്യക്തമാക്കി. രാജ്യത്തിനുണ്ടായ നാശങ്ങൾക്കും കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും കൃത്യമായ നഷ്ടപരിഹാരം ഈടാക്കുമെന്നും മുജ്തബ കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും നിർണായകമായ ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രതിദിനം പതിനഞ്ചു കപ്പലുകൾക്കു മാത്രമാണു കടലിടുക്കിലൂടെ സഞ്ചരിക്കാൻ അനുമതി നൽകുക. ഓരോ കപ്പലിനും ഇറാന്റെ മുൻകൂർ അനുമതിയും പ്രത്യേക സുരക്ഷാ പ്രോട്ടോക്കോളും നിർബന്ധമാക്കിയിട്ടുണ്ട്.
ഇറാൻ റവല്യൂഷണറി ഗാർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുക. യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് ഹോർമുസ് കടലിടുക്ക് ഇനി മടങ്ങില്ലെന്ന് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസിലൂടെയാണ്. ഇറാന്റെ പുതിയ നീക്കം ആഗോള വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.
