ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ പാക്കിസ്ഥാനും ഇസ്രയേലും തമ്മിൽ കടുത്ത വാക്പോര്. ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്നും കാൻസർ ബാധിച്ച രാജ്യം എന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് രൂക്ഷമായത്. ആസിഫിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
യുഎസ്-ഇറാൻ വെടിനിർത്തൽ നിലനിൽക്കെ, ഇസ്രയേൽ ലെബനനിൽ ആക്രമണം തുടരുന്നതിനെയാണ് ഖ്വാജ ആസിഫ് രൂക്ഷമായി വിമർശിച്ചത്. ഇസ്രയേൽ ആദ്യം ഗാസയിലും പിന്നീട് ഇറാനിലും ഇപ്പോൾ ലെബനനിലും വംശഹത്യ തുടരുകയാണെന്ന് പാക് പ്രതിരോധമന്ത്രി എക്സിൽ കുറിച്ചു. കാൻസർ ബാധിച്ച രാഷ്ട്രം സൃഷ്ടിച്ചവർ നരകാഗ്നിയിൽ എരിയട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. സമാധാന ചർച്ചകൾ ഇസ്ലമാബാദിൽ പുരോഗമിക്കുമ്പോഴാണ് ഇപ്പോൾ നടക്കുന്ന രക്തച്ചൊരിച്ചിലെന്നും ആസിഫ് ആരോപിച്ചു.
തിരിച്ചടിച്ച് ഇസ്രയേൽ
ഇസ്രയേലിനെ ഉന്മൂലനം ചെയ്യണമെന്ന പാക് മന്ത്രിയുടെ ആഹ്വാനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. സമാധാനത്തിനായി മധ്യസ്ഥത വഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിൽനിന്ന് ഇത്തരം പ്രസ്താവനകൾ പ്രതീക്ഷിക്കുന്നില്ലെന്നും ഇസ്രയേൽ പ്രതികരിച്ചു. പാക് മന്ത്രിയുടേത് ജൂതവിരുദ്ധ നിലപാടാണെന്നും ഇതിനെ ഗൗരവത്തോടെ കാണുന്നുവെന്നും ഇസ്രയേൽ വിദേശകാര്യമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മധ്യസ്ഥനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇസ്രയേൽ ഇതിനെ അവിശ്വാസത്തോടെയാണു കാണുന്നത്. വെടിനിർത്തൽ കരാറിൽ ലെബനൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാനും ഇറാനും അവകാശപ്പെടുമ്പോൾ, ഇസ്രയേലും അമേരിക്കയും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്. ഇറാനെതിരെയുള്ള ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്കു നിർത്തിവയ്ക്കാനാണു തീരുമാനമെന്നും അതിൽ ലെബനൻ ഉൾപ്പെടുന്നില്ലെന്നുമാണ് ഡോണൾഡ് ട്രംപിന്റെയും നെതന്യാഹുവിന്റെയും നിലപാട്.
ചർച്ചകളിൽനിന്നു പിന്മാറുമെന്ന് ഇറാൻ
ലെബനനിലെ സൈനിക നീക്കം ഇസ്രയേൽ അവസാനിപ്പിച്ചില്ലെങ്കിൽ നാളെ ഇസ്ലമാബാദിൽ നടക്കാനിരിക്കുന്ന അമേരിക്കയുമായുള്ള ചർച്ചകളിൽനിന്നു പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തെത്തുടർന്നാണ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരമാണു സമാധാന ചർച്ചകൾക്കായി ട്രംപ് വെടിനിർത്തലിനു സമ്മതിച്ചത്. എന്നാൽ പുതിയ സാഹചര്യങ്ങൾ നയതന്ത്ര നീക്കങ്ങളെ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്.
