പരവൂർ: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റിക്കാർഡ്. സർവീസ് ആരംഭിച്ചത് മുതൽ ഇതുവരെ ഒരു ലക്ഷം ട്രിപ്പുകളിലായി 9.1 കോടിയിലധികം യാത്രക്കാർ വന്ദേ ഭാരതിനെ ആശ്രയിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 3.98 കോടി യാത്രക്കാരാണ് ഈ ട്രെയിനുകളിൽ സഞ്ചരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (2.97 കോടി) 34 ശതമാനത്തോളം വർധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.2019 ഫെബ്രുവരിയിൽ ന്യൂഡൽഹി-വാരണാസി റൂട്ടിൽ തുടക്കമിട്ട വന്ദേ ഭാരത് ഇന്ന് രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.
73 ലക്ഷം യാത്രക്കാർ സഞ്ചരിച്ച ന്യൂഡൽഹി-വാരണാസി റൂട്ടാണ് ഇപ്പോഴും ഏറ്റവും തിരക്കേറിയതായി തുടരുന്നത്. ന്യൂഡൽഹി-കത്ര റൂട്ടിൽ 56 ലക്ഷം പേരും ദക്ഷിണേന്ത്യയിലെ പ്രധാന റൂട്ടായ സെക്കന്തരാബാദ്-വിശാഖപട്ടണത്തിൽ 48 ലക്ഷം പേരും ചെന്നൈ-മൈസൂരു റൂട്ടിൽ 36 ലക്ഷം പേരും യാത്ര ചെയ്തു.
ദീർഘദൂര യാത്രയ്ക്കായി 2026 ജനുവരിയിൽ പശ്ചിമ ബംഗാളിനും അസമിനും ഇടയിൽ ആരംഭിച്ച വന്ദേ ഭാരത് സ്ലീപ്പർ സർവീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രവർത്തനം തുടങ്ങി ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം യാത്രക്കാർ സ്ലീപ്പർ സർവീസ് പ്രയോജനപ്പെടുത്തി.
ഈ റൂട്ടിൽ 100 ശതമാനത്തിലധികം ഒക്യുപൻസി നിരക്ക് കൈവരിക്കാൻ സാധിച്ചതായും റെയിൽവേ അധികൃതർ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളും വേഗതയും വന്ദേ ഭാരതിനെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ട്രെയിൻ സർവീസുകളിലൊന്നായി മാറ്റിയിരിക്കുകയാണ്.
