ന്യൂഡൽഹി: ലോകം സാക്ഷിയായി, ചരിത്രപ്രധാനമായ പത്തു ദിവസത്തെ ചാന്ദ്രപര്യവേക്ഷണത്തി നു ശേഷം ആർട്ടെമിസ് 2 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോടു ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വർഷത്തിനു ശേഷമാണ് മനുഷ്യന്റെ ചാന്ദ്രദൗത്യം. നിരവധി റിക്കാർഡുകളും ചരിത്ര മുഹൂർത്തങ്ങളും കുറിച്ചാണ് സഞ്ചാരികളായ ക്രിസ്റ്റീന കോക്ക്, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസെൻ, മിഷൻ കമാൻഡർ റീഡ് വൈസ്മാൻ എന്നിവർ ഭൂമിയിൽ മടങ്ങിയെത്തിയത്.
ഭൂമിയിലേക്കുള്ള പുനഃപ്രവേശന സമയത്തുണ്ടായ ഏതാനും മിനിറ്റുകളുടെ കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ടിനു ശേഷം മിഷൻ കമാൻഡറുടെ ശബ്ദം കൺട്രോൾ റൂമിൽ മുഴങ്ങിയപ്പോൾ വലിയ ആശ്വാസമാണ് പടർന്നത്. “ഹൂസ്റ്റൺ. ഇന്റഗ്രിറ്റി. നിങ്ങളുടെ ശബ്ദം വ്യക്തമായി കേൾക്കാം’ എന്ന വൈസ്മാന്റെ സന്ദേശം ദൗത്യം വിജയകരമാണെന്ന് ഉറപ്പിച്ചു. യുഎസ് നേവി രണ്ടു ഹെലികോപ്റ്ററുകളിലായി സഞ്ചാരികളെ എയർലിഫ്റ്റ് ചെയ്ത് യുഎസ്എസ് ജോൺ പി. മൂർത്ത കപ്പലിലേക്കു മാറ്റി. കപ്പലിൽ അവർക്കു വൈദ്യപരിശോധന നടത്തി. യാത്രികർ സുരക്ഷിതരാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും നാസ അറിയിച്ചു.
വൈവിധ്യമാർന്നബഹിരാകാശസംഘം
അഞ്ചു പതിറ്റാണ്ടുകൾക്കു ശേഷം ചന്ദ്രനിലേക്കു നടത്തിയ സഞ്ചാരം വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. ക്രിസ്റ്റീന കോക്ക് ചന്ദ്രനിലേക്കു യാത്ര ചെയ്യുന്ന ആദ്യ വനിതയായി ചരിത്രമെഴുതിയപ്പോൾ, വിക്ടർ ഗ്ലോവർ നേട്ടം കൈവരിക്കുന്ന ആദ്യ കറുത്തവർഗക്കാരനായി. കനേഡിയൻ വംശജനായ ജെറമി ഹാൻസെൻ ചന്ദ്രനിലെത്തുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി ചരിത്രം കുറിച്ചു.
സഞ്ചരിച്ചത് ഭൂമിയിൽനിന്ന് 4,06,771 കിലോമീറ്റർ
ബഹിരാകാശ ചരിത്രത്തിൽ ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് ആർട്ടെമിസ് 2 സംഘം സ്വന്തമാക്കി. 1970-ലെ അപ്പോളോ 13 ദൗത്യത്തേക്കാൾ 6,400 കിലോമീറ്റർ അധികമാണ് ഇവർ സഞ്ചരിച്ചത്. ഭൂമിയിൽനിന്ന് ഏകദേശം 4,06,771 കിലോമീറ്റർ അകലെ വരെ ഇവർക്ക് എത്താൻ കഴിഞ്ഞു. യാത്രയ്ക്കിടെ പകർത്തിയ ആയിരക്കണക്കിനു ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം “എർത്ത് സെറ്റ്’ (ചന്ദ്രന്റെ ചക്രവാളത്തിനു പിന്നിൽ ഭൂമി മറയുന്ന പ്രതിഭാസം) ആണ്.
ചന്ദ്രന്റെ ഗർത്തങ്ങൾ നിറഞ്ഞ ഉപരിതലത്തിനു മുകളിൽ ഭൂമി ഒരു നേർത്ത വില്ലുപോലെ നിൽക്കുന്ന ദൃശ്യം 1968-ലെ വിഖ്യാതമായ “എർത്ത് റൈസ്’ (ചന്ദ്രന്റെ ഉപരിതലത്തിൽനിന്നോ ബഹിരാകാശത്തുനിന്നോ നോക്കുമ്പോൾ ഭൂമി ചക്രവാളത്തിനു മുകളിലേക്ക് ഉയർന്നുവരുന്ന പ്രതിഭാസം) ചിത്രത്തെ ഓർമിപ്പിക്കുന്നതായിരുന്നു. കൂടാതെ, ഇതുവരെ റോബോട്ടുകൾ മാത്രം കണ്ടിട്ടുള്ള ചന്ദ്രന്റെ മറുപുറം നേരിട്ടു കാണാൻ യാത്രികർക്കു സാധിച്ചു. ബഹിരാകാശത്തു നിന്നുള്ള സൂര്യഗ്രഹണവും ചന്ദ്രോപരിതലത്തിൽ ഉൽക്കകൾ പതിക്കുന്നതും കണ്ടതായി യാത്രികർ വിവരിച്ചു.
ഏറ്റവും അപകടകരമായ ഘട്ടം
ദൗത്യത്തിന്റെ പത്താം ദിവസമായിരുന്നു ഏറ്റവും സങ്കീർണമായ ഘട്ടം. മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോൾ പേടകത്തിനു പുറത്തെ താപനില 2,760 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ഇതു സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളമാണ്. ഏകദേശം ആറു മിനിറ്റോളം നീണ്ടുനിന്ന കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ട് സമയത്ത് കൺട്രോൾ റൂമിൽ കടുത്ത പിരിമുറുക്കമായിരുന്നു. ഒടുവിൽ പാരച്യൂട്ടുകൾ വിടർത്തി പേടകം കടലിൽ പതിച്ചതോടെ ആശങ്കകൾക്കു വിരാമമായി.
നേട്ടങ്ങൾ, വെല്ലുവിളികൾ
ചന്ദ്രനിൽ മനുഷ്യസാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പാണ് ആർട്ടെമിസ് 2. വരും വർഷങ്ങളിൽ ചൊവ്വാ ദൗത്യങ്ങൾക്കുള്ള അടിത്തറയായും ഇതിനെ നാസ കണക്കാക്കുന്നു. അതേസമയം, ചില സാങ്കേതിക തകരാറുകളും ദൗത്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒറിയോൺ ക്യാപ്സ്യൂളിലെ ടോയ്ലറ്റും കുടിവെള്ള സംവിധാനത്തിലെ വാൽവുകളും ശരിയായി പ്രവർത്തിക്കാത്തതു വരും ദൗത്യങ്ങളിൽ പരിഹരിക്കേണ്ടതുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിൽ ബഹിരാകാശ പേടകം ലാൻഡറുമായി ഘടിപ്പിക്കുന്ന പരീക്ഷണം നടക്കും. 2028ൽ ആർട്ടെമിസ് 4 ദൗത്യത്തിലൂടെ മനുഷ്യനെ ചന്ദ്രന്റെ തെക്കൻ ധ്രുവത്തിൽ ഇറക്കാനാണു നാസ ലക്ഷ്യമിടുന്നത്. ഇതിനിടെ 2030-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ചൈനയുടെ ശ്രമങ്ങളും ബഹിരാകാശരംഗത്തു വലിയ മത്സരത്തിനു വഴിതെളിക്കുന്നു.
