കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്നു പരാതി. വോട്ടെടുപ്പിന്റെ തലേന്ന് “എന്റെ വോട്ട് എന്റെ അഭിമാനം’ എന്ന സ്ലോഗന് പതിച്ച ഒരു കുട മാത്രമാണ് നല്‍കിയത്. വോട്ടെടുപ്പുദിവസം സഹായകേന്ദ്രം ഒരുക്കി പ്രവര്‍ത്തിച്ചതിനു 900 രൂപയാണ് ലഭിക്കുക. ഇത് കോട്ടയം താലൂക്കിലെ ബിഎല്‍ഒമാര്‍ക്കു ലഭിച്ചിട്ടില്ല. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിലര്‍ക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ട്.
വീട്ടില്‍ വോട്ടു ചെയ്യുന്നവര്‍ക്കായി പോളിംഗ് സംഘത്തോടൊപ്പം പോയതിനു പ്രതിദിനം നല്‍കേണ്ട 650 രൂപ, വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്യാന്‍ പോയതിനു പ്രതിദിനം ലഭിക്കേണ്ട 600 രൂപ എന്നിവയും ഇതുവരെ വിതരണം ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പ് നാലു മാസം നീണ്ടുനിന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കായി ആദ്യ ഗഡുവായി ലഭിക്കേണ്ട 2000 രൂപയും മിക്ക ബിഎല്‍ഒമാര്‍ക്കും ലഭിച്ചിട്ടില്ല.
ബീഹാറിലും മറ്റും 6000 രൂപ എസ്ഐആറിനു പ്രതിഫലം നല്കിയപ്പോള് ജില്ലയിലെ പല ബിഎല്‍ഒമാര്‍ക്കും ആദ്യ ഗഡുവായ 2000 രൂപ പോലും ലഭിച്ചില്ല. ബിഎല്‍ഒമാരുടെ പ്രതിമാസ വേതനം 500 രൂപയില്‍ നിന്നും 1000 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും ഇതും ഇതുവരെ ലഭിച്ചിട്ടില്ലെന്നു ബിഎല്‍ഒ മാര്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഇത്രയും ദിവസമായിട്ടും പ്രതിഫലം നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ബിഎല്‍ഒ മാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടറെ നേരില്‍ കണ്ടു പരാതിപ്പെടും.
