ആശ ഭോസ്ലെയുടെ വിയോഗത്തോടെ ഇന്ത്യന്‍ സംഗീത ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു അധ്യായത്തിനു തിരശീല വീഴുകയാണ്. മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം ആശ വെട്ടിത്തെളിച്ച പാതയില്‍ എന്നും പ്രകാശമായും നിഴലായും കൂടെയുണ്ടായിരുന്നത് സഹോദരി ലത മങ്കേഷ്കര്‍ ആയിരുന്നു.
വിധി വൈപരീത്യമെന്നു പറയട്ടെ, ഇരുവരും ഈ ലോകത്തോടു വിടപറഞ്ഞത് 92-ാം വയസിലാണെന്നതും, ഞായറാഴ്ച ദിനത്തിലാണെന്നതും ആരാധകരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ ഒരു യാദൃശ്ചികതയാണ്.
ഇന്ത്യന്‍ ചലച്ചിത്രസംഗീതലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ആശയും ലതയും തമ്മിലുള്ള ബന്ധം. പ്രൊഫഷണല്‍ ശത്രുതയും വ്യക്തിപരമായ പിണക്കങ്ങളും മുതല്‍ പരസ്പര ബഹുമാനവും അങ്ങേയറ്റത്തെ സ്നേഹവും വരെ ആ ബന്ധത്തില്‍ ഇഴചേര്‍ന്നുനിന്നു.
ലതയുടെ പേഴ്സണല്‍ സെക്രട്ടറി ഗണപത്റാവു ഭോസ്ലെയുമായുള്ള ആശയുടെ വിവാഹത്തെത്തുടര്‍ന്ന് ഇരുവരും ദീര്‍ഘകാലം ഇരുവരും സംസാരിക്കുക പോലുമുണ്ടായില്ല. (ആശയുടെ ഈ വിവാഹബന്ധം പതിനൊന്നുവര്‍ഷത്തോളം നീണ്ടുനിന്നു. പിന്നീട് 1980-ല്‍ അവര്‍ വിഖ്യാത സംഗീതസംവിധായകന് ആര്.ഡി. ബര്‍മനെ വിവാഹം കഴിച്ചു.)
എന്നാല്‍ ഈ പിണക്കങ്ങളെല്ലാം മറന്നു പില്ക്കാലത്ത് അവര്‍ ഒന്നിച്ചു. മുംബൈയിലെ പെഡര്‍ റോഡ് ഫ്ളൈഓവര്‍ വിഷയത്തില്‍ ലതയുടെ പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആശ സഹോദരിക്കു താങ്ങായി നിലകൊണ്ടത് ഇരുവരും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തിന്റെ തെളിവായിരുന്നു.
ലത എന്ന വന്മരത്തിനു താഴെ പലപ്പോഴും താന്‍ നിഴലായി കണക്കാക്കപ്പെട്ടുവെന്ന് ആശ തുറന്നു സമ്മതിച്ചിട്ടുണ്ട്. ചലച്ചിത്രലോകം തുടക്കകാലത്ത് തന്നെ അവഗണിച്ചതായും അവര്‍ പറഞ്ഞിരുന്നു. ലതയുടെ ശൈലിയില്‍നിന്നു വ്യത്യസ്തമായി തന്റേതായ ഇടം കണ്ടെത്താന്‍ ആശ നിരന്തരം പരിശ്രമിച്ചു.
പോപ്പ്, ഗസല്‍, ഭജന്‍, ഖവ്വാലി, നാടന്‍ പാട്ടുകള്‍ തുടങ്ങി സംഗീതത്തിന്റെ എല്ലാ മേഖലകളിലും തന്റെ കൈമുദ്ര പതിപ്പിക്കാന്‍ ആശയെ പ്രേരിപ്പിച്ചത് ഈ പോരാട്ടവീര്യമായിരുന്നു. ലതയെ “മെലഡിയുടെ രാജ്ഞി’ എന്ന് വിളിക്കുമ്പോള്‍, ആശയെ സംഗീതലോകം ആദരിക്കുന്നത് അവരുടെ അപാരമായ വൈവിധ്യമാണ്.
തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടെന്ന വാര്‍ത്തകളെ ലത മങ്കേഷ്കര്‍ പലപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ട്. “ആശ പാടുന്നത് പോലെ ‘പിയാ തൂ അബ് തോ ആജാ’ അല്ലെങ്കില്‍ “ചുരാ ലിയാ ഹേ തുംനേ’ പോലുള്ള പാട്ടുകള്‍ പാടാന്‍ എനിക്ക് കഴിയില്ല’ എന്ന് ലത ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. തങ്ങള്‍ രണ്ടുപേര്‍ക്കും സിനിമയില്‍ വ്യക്തമായ ഇടമുണ്ടെന്ന് അവര്‍ വിശ്വസിച്ചു. ഇരുവരും ചേര്‍ന്ന് ആലപിച്ച “മേ ചലി മേ ചലി’, “മന് ക്യൂന്‍ ബെഹ്കാ രേ ബെഹ്കാ’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ആസ്വാദകർക്കു പ്രിയപ്പെട്ടതാണ്.
ഭാരതീയ സംഗീതത്തിന്റെ സുവര്‍ണ കാലഘട്ടം ഈ സഹോദരിമാരിലൂടെയാണു കടന്നുപോയത്. ഇരുവരും ഓര്‍മയാകുമ്പോള്‍, അവര്‍ അനശ്വരമാക്കിയ ഗാനങ്ങള്‍ വരുംതലമുറകള്‍ക്കു വലിയൊരു ആലാപന നിധിശേഖരമായി അവശേഷിക്കുന്നു.
