പരവൂർ: സേവനങ്ങൾ ഏകീകരിക്കുന്നതിനായി റെയിൽവേ പുറത്തിറക്കിയ റെയിൽ വൺ ആപ്പിലെ തകരാർ അധികൃതർക്ക് വൻ തിരിച്ചടിയായി. ആപ്പിലെ ജിയോ-ഫെൻസിംഗ് സംവിധാനത്തിലുണ്ടായ പാളിച്ച റെയിൽവേക്കു വൻ തലവേദനയായി മാറിയിട്ടുണ്ട്. സ്റ്റേഷൻ പരിസരത്തിന് പുറത്തുനിന്നു മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാനാവുമെന്ന സാങ്കേതിക സുരക്ഷാ കവചം തകർന്നതോടെ, ട്രെയിനിനുള്ളിൽ ഇരുന്നുപോലും ടിക്കറ്റ് എടുക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ഇത് ദുരുപയോഗം ചെയ്ത് ടിക്കറ്റില്ലാതെ ട്രെയിനിൽ കയറുന്നവരുടെ എണ്ണം വർധിക്കുന്നത് റെയിൽവേക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
സാധാരണയായി യുടിഎസ് ആപ്പിലും പുതിയ റെയിൽ വൺ ആപ്പിലും ട്രെയിനിനുള്ളിൽ വച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിൽ നിന്നും നിശ്ചിത ദൂരപരിധിക്ക് പുറത്തുനിന്നാൽ മാത്രമേ ടിക്കറ്റ് ബുക്കിംഗ് അനുവദിക്കൂ. എന്നാൽ ആപ്പിലെ തകരാർ കാരണം ഓടുന്ന ട്രെയിനിലിരുന്നും ഇപ്പോൾ അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ടിക്കറ്റില്ലാതെ ട്രെയിനിൽ കയറുന്നവർ ടിടിഇ വരുന്നത് കണ്ടാൽ മാത്രം ആപ്പ് വഴി ടിക്കറ്റ് എടുക്കുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. ഇത് ടിക്കറ്റ് പരിശോധനയ ഉദ്യോഗസ്ഥരെയും കുഴപ്പിക്കുന്നുണ്ട്.മാർച്ച് ആദ്യം മുതൽ ഈ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുംബൈ സബർബൻ റെയിൽ ശൃംഖലയിലാണ് ഇത് ഏറ്റവുമധികം പ്രതിഫലിക്കുന്നത്.
എസി ലോക്കൽ ട്രെയിനുകളിൽ പരിശോധന നടത്തുമ്പോൾ യാത്രയ്ക്കിടയിൽ ടിക്കറ്റ് എടുത്ത നിരവധി പേരെ ഉദ്യോഗസ്ഥർ പിടികൂടി. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (ക്രിസ്) വികസിപ്പിച്ച ഈ ആപ്പ് ഐആർസിടിസി, യുടിഎസ് എന്നീ ആപ്പുകൾക്ക് പകരമായാണ് റെയിൽവേ അവതരിപ്പിച്ചത്.
റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റുകൾക്ക് പുറമെ പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ്, ട്രെയിൻ ട്രാക്കിംഗ്, ഭക്ഷണം തുടങ്ങിയ സകല സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന വിപ്ലവകരമായ മാറ്റമായിരുന്നു റെയിൽ വൺ. എന്നാൽ സുരക്ഷാ സംവിധാനത്തിലെ ഈ തകരാർ പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ആശങ്ക.
സെൻട്രൽ റെയിൽവേയിലെ പല സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് കർശന പരിശോധനയ്ക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. സാങ്കേതിക പിഴവ് അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഐടി വിഭാഗം.
