അമ്പലപ്പുഴ: അശാസ്ത്രീയ രീതിയിലുള്ള മുരിങ്ങ നഴ്സറി നിർമാണം മൂലം മൂന്നു ലക്ഷത്തിൽപ്പരം രൂപ നഷ്ടമുണ്ടായതായിആക്ഷേ പം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് മാത്തയിൽ വീടിനു സമീപമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുരിങ്ങ നഴ്സറി നിർമാണം നടത്തിയത്. 3,66, 493 രൂപയാണ് ഇതിനായി ഉൾപ്പെടുത്തിയത്. 365 രൂപ ദിവസവേതന നിരക്കിൽ 930 തൊഴിൽ ദിനങ്ങളായിരുന്നു പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നത്.
പ്ലാസ്റ്റിക് കവറുകളിൽ വിത്തിട്ട് വളർത്തേണ്ടതിനു പകരം ഇവ വെറും മണ്ണിലാണ് നട്ടുവളർത്തിയത്. മൂന്നു കേന്ദ്രങ്ങളിലായാണ് നഴ്സറി നിർമാണം നടത്തിയത്. 9,000 രൂപയോളം തൊഴിലുറപ്പ് തൊഴിലാളികൾ സ്വയം മുടക്കിയാണ് ഇതിനായുള്ള വിത്തു വാങ്ങിയത്. കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിക്കാനായാണ് തൊഴിലാളികൾ ഈ പണം ചെലവഴിച്ച് ഇവ വാങ്ങിയത്.
എന്നാൽ, ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട യാതൊരു പരിശീലനവും ഇവർക്ക് നൽകാതിരുന്നതിനാൽ വെറും മണ്ണിലാണ് ആയിരക്കണക്കിന് മുരിങ്ങ ചെടികൾ നട്ടുവളർത്തിയത്. പൂർണ വളർച്ചയെത്തിയ ഇവ പറിച്ചെടുക്കുമ്പോൾ വേര് പൊട്ടിപ്പോകുന്നതിനാൽ പിന്നീട് ഇത് കിളിർക്കില്ല. പ്രദേശത്തെ നിരവധി വീടുകളിൽ സൗജന്യമായി വിതരണം ചെയ്യാനായാണ് ഇത് നട്ടുപിടിപ്പിച്ചത്. എന്നാൽ, അശാസ്ത്രീയമായ രീതിയിലുള്ള നിർമാണത്തെത്തുടർന്ന് ചെടി പ്രയോജനപ്പെടാത്ത സ്ഥിതിയായി.
