മുംബൈ: വേനൽക്കാലം കടുത്തതോടെ ശീതള പാനീയ വിപണിയിൽ മത്സരം മുറുകി. ബഹുരാഷ്ട്ര കന്പനികളുടെ ശീതളപാനീയ ബ്രാൻഡുകൾക്കു വെല്ലുവിളി ഉയർത്തി പുതിയ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കുന്നതാണ് മത്സരം മുറുകാൻ കാരണം.
ഉപഭോക്താക്കളെ ആകർഷിക്കാനായി 10 രൂപ, 20 രൂപ നിരക്കിലുള്ള ചെറിയ ബോട്ടിലുകളാണ് പുതിയ കന്പനികൾ പ്രധാനമായും പുറത്തിറക്കുന്നത്. ഈ നീക്കത്തിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന പുതിയ കന്പനികൾ വിപണി വിഹിതം ഉയർത്തിയതായി ക്രിസിൽ റേറ്റിംഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024 സാന്പത്തിക വർഷത്തിൽ വെറും 2 ശതമാനമായിരുന്ന ഇത്തരം പുതിയ ബ്രാൻഡുകളുടെ വിപണിവിഹിതം കഴിഞ്ഞ സാന്പത്തിക വർഷം 6-7 ശതമാനമായി വർധിച്ചതായി വ്യക്തമാക്കുന്നു. മത്സരം കടുക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര കന്പനികൾ തങ്ങളുടെ മാർക്കറ്റിംഗ്, വിതരണ ശൃംഖലകൾ എന്നിവ ശക്തിപ്പെടുത്താൻ വലിയ തുകയാണ് ചെലവിടുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉത്പാദന ശേഷി 30-35 ശതമാനം വരെ ഇവർ വർധിപ്പിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ കൊക്കക്കോളയുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ മൂന്ന് വിപണികളിലൊന്നായി ഇന്ത്യ മാറുമെന്നാണ് കന്പനിയുടെ ഗ്ലോബൽ പ്രസിഡന്റ് ജോണ് മർഫി പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ രുചി എന്നത് പ്രാദേശികവും സാംസ്കാരികവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ഒരു സംസ്ഥാനത്ത് വിജയിക്കുന്ന രുചി മറ്റൊരിടത്ത് വിജയിക്കണമെന്നില്ല. ഒരു തദ്ദേശീയ ബ്രാൻഡ് എന്ന നിലയിൽ, ഇത്തരം സൂക്ഷ്മമായ വ്യത്യാസങ്ങൾ മനസിലാക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും ബഹുരാഷ്ട്ര കന്പനികൾക്ക് വലിയ തോതിൽ ഇത്തരം പ്രാദേശിക തനിമകൾ അനുകരിക്കാൻ പ്രയാസമാണ്, ഫുഡ് ആൻഡ് ബിവറേജസ് നിർമാതാക്കളായ ടിഎബിപിയുടെ സ്ഥാപകൻ പ്രഭു ഗാന്ധികുമാർ പറഞ്ഞു. കംപ, ലഹോറി സീര തുടങ്ങിയ തദ്ദേശീയ ബ്രാൻഡുകൾ കൊക്കക്കോള, പെപ്സികോ തുടങ്ങിയ ആഗോള കന്പനികൾക്കു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം അസംസ്കൃത എണ്ണവില വർധിച്ചത് പാക്കേജിംഗ് ചെലവ് കൂട്ടാൻ കാരണമായിട്ടുണ്ട്. ഇത് കന്പനികളുടെ ലാഭക്ഷമതയിൽ 2.5 ശതമാനം വരെ ഇടിവുണ്ടാക്കിയേക്കാം. എന്നിരുന്നാലും, രാജ്യവ്യാപകമായി സാന്നിധ്യമുള്ള ബോട്ടിലിഗ് കന്പനികളെ ഇത് കാര്യമായി ബാധിക്കില്ല.
രാജ്യവ്യാപകമായുള്ള വിതരണ ശൃംഖലയും വില നിശ്ചയിക്കാനുള്ള അവരുടെ സ്വാധീനവും വലിയ തോതിലുള്ള ഉത്പാദനം വഴി ചെലവ് കുറയ്ക്കാനുള്ള കഴിവും ഇതിനു കാരണമാണ്. ഈ സാന്പത്തിക വർഷം വരുമാനത്തിൽ 15 ശതമാനം വളർച്ച ഉണ്ടാക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ആകെ വിൽപനയുടെ 40 ശതമാനവും വേനൽ മാസങ്ങളിലാണ് നടക്കുന്നത് എന്നത് കന്പനികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു.
