വാഷിംഡ്ടൺ ഡിസി: പത്തു ദിവസത്തെ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചുവെന്നും വെടിനിർത്തൽ ഉടൻ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. താൻ അവസാനിപ്പിച്ച പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു.
“ലെബനനിലെ ആദരണീയനായ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഞാൻ സംസാരിച്ചു. രാജ്യങ്ങൾക്കിടയിൽ സമാധാനം കൈവരിക്കുന്നതിനായി, വൈകുന്നേരം അഞ്ചിന് പത്തു ദിവസത്തെ വെടിനിർത്തൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് രണ്ട് നേതാക്കളും സമ്മതിച്ചിട്ടുണ്ട്’.-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ലോകമെമ്പാടുമുള്ള ഒൻപതു യുദ്ധങ്ങൾക്കു പരിഹാരം കാണാൻ കഴിഞ്ഞത് എനിക്കു ലഭിച്ച ബഹുമതിയാണ്. ഇത് ഞാൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
34 വർഷത്തിനിടെ ഇസ്രയേലും ലെബനനും ആദ്യമായി വാഷിംഗ്ടണിൽ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ശാശ്വത സമാധാനം കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ എന്നിവരോടു നിർദേശിച്ചതായും ട്രംപ് പറഞ്ഞു.
