ദുബായി: അമേരിക്കയും ഇറാനും തമ്മിൽ ഉടൻ സമാധാന കരാറിലെത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹാസത്തോടെ തള്ളി ഇറാൻ. അമേരിക്കയ്ക്ക് സൗജന്യമായി എണ്ണയും ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രസഞ്ചാരവും ലഭിക്കുമെന്ന ട്രംപിന്റെ പ്രസ്താവന വെറും ആകാശക്കോട്ടകൾ മാത്രമാണെന്നാണ് ഇറാന്റെ പ്രതികരണം.
ട്രംപിന്റെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട്, പേർഷ്യൻ പഴഞ്ചൊല്ലിലൂടെയാണ് ഇറാൻ മറുപടി നൽകിയത്. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ സ്വപ്നം കാണുന്നവനെന്ന് അർഥത്തിലാണ് ട്രംപിനെ പരിഹസിച്ചത്.
വാഷിംഗ്ടണും ടെഹ്റാനും സമാധാന കരാറിനു തൊട്ടടുത്തെത്തിയെന്നും നിർണായകമായ പല കാര്യങ്ങളിലും ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയാറായെന്നുമാണ് ട്രംപ് വ്യാഴാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്. കരാർ യാഥാർഥ്യമായാൽ അമേരിക്കയ്ക്കു സൗജന്യമായി എണ്ണ ലഭിക്കുമെന്നും ഇന്ധനവില കുത്തനെ കുറയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ സമ്മതിച്ചതായും ട്രംപ് സൂചിപ്പിച്ചിരുന്നു.
ഇറാനും അമേരിക്കയ്ക്കുമിടയിൽ സമാധാനം കൊണ്ടുവരാൻ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫുമായി ടെഹ്റാനിൽ ചർച്ച നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. സമാധാന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ആഴ്ച നടന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞിരുന്നു.
ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നതു ശാശ്വതമായി തടയണമെന്നതാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഇറാൻ അറ്റോമിക് ബോംബ് നിർമിക്കാൻ തിരക്കുകൂട്ടുകയാണെന്ന് ട്രംപ് ആരോപിക്കുമ്പോഴും യുഎൻ ആണവ ഏജൻസി ഇത് സ്ഥിരീകരിച്ചിട്ടില്ല.
യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് നിർത്തിവയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോൾ, അഞ്ചു വർഷം നൽകാമെന്നാണ് ഇറാന്റെ നിലപാട്. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം തർക്കമില്ലാത്തതാണെന്നും ഇറാൻ ആവർത്തിക്കുന്നു.
