കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നതായി വിവരം. ഇന്നലെ പോലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. താരത്തിന്റെ വിവാഹം നടത്താന്‍ സഹായിച്ചതായി കരുതുന്നയാളുടെ മൊഴി മധ്യപ്രദേശ് പോലീസ് ഫോണിലൂടെ രേഖപ്പെടുത്തിയതായാണ് സൂചന. മധ്യപ്രദേശ് പോലീസ് പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റേയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണെന്നും സൂചനയുണ്ട്.
കുട്ടിയെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുമോ എന്നും സംശയമുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭര്‍ത്താവിനെതിരെ മധ്യപ്രദേശില്‍ ചുമത്തിയിട്ടുള്ളത്. അതിനാല്‍ കുട്ടിയെ കസ്റ്റഡിയിലെടുക്കാന്‍ മധ്യപ്രദേശ് പോലീസിന് കഴിയും. ഒരു സിഐ, എസ്ഐ, രണ്ട് സിപിഒമാര്‍ എന്നിവരടങ്ങുന്നതാണ് അന്വേഷക സംഘം.
താരത്തിനെ വിവാഹം ചെയ്ത ഫര്മാന് ഖാന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മധ്യപ്രദേശ് പോലീസ് അന്വേഷക സംഘത്ത അറിയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ മേയ് 20 വരെ ഫര്മാന് ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ കാര്യവും കമീഷണര്‍ അന്വേഷക സംഘത്തിനെ അറിയിച്ചിട്ടുണ്ട്.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് താരം
അതേസമയം, കുംഭമേള വൈറല്‍ താരം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമീഷണര്‍ക്കും ഇ–മെയിലില്‍ പരാതി നല്കി. തനിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായെന്നും 2008 ജനുവരി ഒന്നിനാണ് ജനനമെന്നും തെളിയിക്കുന്ന ആധാര്‍ കാര്‍ഡിന്റെയും പാന്‍കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതമാണ് പരാതി.
താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തില്‍ താമസിക്കാന്‍ തീരുമാനിച്ചത്. പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്നും താരം പരാതിയില്‍ പറയുന്നു. മേയ് 20 വരെ ഫര്മാന് ഖാന്റെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
