ആയിരങ്ങൾക്ക് കൃഷിപാഠങ്ങൾ പകർന്നു നൽകിയ ഇടുക്കി ജില്ലാ റിട്ട. കൃഷി ഓഫീസറും കൃഷി ജോയിന്റ് ഡയറക്ടറുമായ ഷാജി എം. മണക്കാട്ട് ഇന്നു തൊട്ടതെല്ലാം പൊന്നാക്കി കാർഷിക സമൃദ്ധിയുടെ വിജയഗാഥ രചിക്കുന്നു.
ഒരു വർഷം ഡിടിപിസി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക-ടൂറിസം മേഖലകളിലെ അനുഭവജ്ഞാനം കോർത്തിണക്കി വിളവൈവിധ്യത്തിന്റെയും പ്ലാന്റേഷൻ ടൂറിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കൃഷിയിടം കാർഷിക പരീക്ഷണത്തിന്റെ മികച്ച മാതൃക കൂടിയാണ്.
മഴമറയിൽ പച്ചക്കറി കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ മാരിയിൽകലുങ്കിനു സമീപം 20 സെന്റിലും കോട്ടയം ജില്ലയിൽ നീലൂരിനു സമീപം മേരിലാന്റിൽ അഞ്ചേക്കറിലുമാണ് വിവിധയിനം കൃഷികൾ നടത്തി വരുന്നത്.
തൊടുപുഴയിലെ വീടിനോടു ചേർന്ന് കോവൽ, പാവൽ, പയർ, നേന്ത്രവാഴ എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. മേരിലാന്റിൽ മൂന്നു മഴമറയ്ക്കുള്ളിൽ പാവൽ, പയർ, സാലഡ് കുക്കുംബർ, തക്കാളി തുടങ്ങിയവയുടെ വിപുലമായ കൃഷിയുണ്ട്.
കീടബാധയെ ചെറുക്കുന്നതിനായി കാന്താരിമുളക് ചെടിയിൽ ഗ്രാഫ്റ്റ് ചെയ്ത തക്കാളിയും വളർത്തുന്നുണ്ട്. തക്കാളിത്തൈകൾ തഴച്ചു വളർന്ന് പന്തലിൽ പടർന്നു പഴുത്ത് പാകമായി കിടക്കുന്നതുകണ്ടാൽ ആരും നോക്കിനിന്നു പോകും.
വീടിനോട് ചേർന്ന് അക്വാപോണിക്സ് സംവിധാനത്തിൽ കാന്തല്ലൂർ ചീര, കാബേജ്, കോളിഫ്ളവർ എന്നിവ മണ്ണില്ലാതെ ചെറിയ ചരൽ മെറ്റലിൽ കൃഷി ചെയ്തിട്ടുണ്ട്. കോവിഡ് കാലത്താണ് കൃഷി വ്യാപകമായി ആരംഭിച്ചത്.
ബ്രാന്റഡ് പച്ചക്കറിയിനങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പ്രധാനമായും വില്പന നടത്തുന്നത്.
പഴവർഗങ്ങൾ
റംബുട്ടാൻ, മംഗോസ്റ്റിൻ, പുലാസാൻ, അവക്കാഡോ, പപ്പായ, കോട്ടൂർക്കോണം, മൂവാണ്ടൻ ഇനത്തിൽപ്പെട്ട മാവ്, ബംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചറിൽനിന്ന് എത്തിച്ച ഡ്രാഗണ് ഫ്രൂട്ട്, വിയറ്റ്നാം ഏർലി, ജെ-33, സിദ്ദു, കംബോഡിയൻ ഓറഞ്ച്, സീഡ്ലസ്, നാടൻ ഇനങ്ങളിൽപ്പെട്ട പ്ലാവ് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
15 സെന്റോളം സ്ഥലത്ത് പാഷൻഫ്രൂട്ട് നട്ടു വളർത്തിയിട്ടുണ്ട്. ഇതിനായി ജിഐ പൈപ്പ സ്ഥാപിച്ച് നൂൽക്കമ്പിയും പ്ലാസ്റ്റിക് വള്ളിയും ഉപയോഗിച്ച് പന്തൽ സജ്ജമാക്കിയിട്ടുണ്ട്.
മറ്റു വിളകൾ
ജാതി, ഗ്രാഫ്റ്റ് ചെയ്ത കുന്പുക്കൻ, കരിമുണ്ട പന്നിയൂർ-1 ഇനം കുരുമുളക്, ഡിഃടി, നാടൻ ഇനം തെങ്ങ്, കാസർഗോഡൻ, മോഹിന്ത്നഗർ ഇനം കമുക്, റബർ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
ഗുണമേന്മയുള്ള തൈകളും വിത്തുകളുംമാത്രമേ നടീൽ വസ്തുവായി ഉപയോഗിക്കാറുള്ളു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ലെന്നാണ് മുൻ ജില്ലാ കൃഷി ഓഫീസറുടെ നിലപാട്.
മത്സ്യകൃഷി
ഗൗരാമി, തിലാപ്പിയ ഇനങ്ങളിൽപ്പെട്ട ആയിരത്തോളം മത്സ്യങ്ങളെ വളർത്തുന്ന 50 അടി നീളവും 20 അടി വീതിയുമുള്ള കുളം ശാസ്ത്രീയമായാണ് തയാറാക്കിയിരിക്കുന്നത്. മീൻതീറ്റ നൽകുന്നതിനു പുറമേ ഫ്ളോട്ടിംഗ് സസ്യങ്ങൾ വളർത്തുന്നുണ്ട്.
ഇവയാണ് മത്സ്യത്തിന്റെ പ്രധാന ആഹാരം. കുളക്കരയിൽ എത്തി സ്വന്തമായി മീൻ പിടിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാദേശിക മാർക്കറ്റാണ് പ്രധാനമായും മത്സ്യ വിൽപ്പനക്കുള്ളത്. ഇതിനു പുറമെ മാർജിൻ ഫ്രീ മാർക്കറ്റിൽ പായ്ക്ക് ചെയ്തും ഇവ എത്തിച്ചു നൽകും.
ഇതിനുപുറമെ സി.വി- 350, നാടൻ ഇനങ്ങളിൽപ്പെട്ട കോഴികളെയും പ്രത്യേകം തയാറാക്കിയ കൂടിനുള്ളിൽ വളർത്തുന്നുണ്ട്. സോവിയറ്റ് ചിഞ്ചില ക്രോസ് ഇനത്തിൽപ്പെട്ട മുയലിനെയും പരിപാലിച്ചുവരുന്നു. ശരാശരി 25-35 എണ്ണം മുയലാണുള്ളത്.
നാലു കിലോ വരെ തൂക്കമുള്ളവയാണിത്. കിലോയ്ക്ക് 300 രൂപയാണ് വില്പന വില. കോഴിക്കും മത്സ്യത്തിനും മുയലിനും നൽകുന്നതിനായി അസോളയും കുളത്തിൽ വളർത്തുന്നുണ്ട്. 15ഓളം ചെറുതേനീച്ച കോളനിയുമുണ്ട്.
ഡ്രയർ യൂണിറ്റ്
ഉത്പന്നങ്ങൾ ഉണങ്ങിയെടുക്കുന്നതിനുള്ള ഡ്രയർ യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഫ്രിഡ്ജ് ഡ്രയറായി പരിവർത്തനം ചെയ്തു പ്രവർത്തിപ്പിച്ചുവരുന്നു. 60 വാൾട്ടിന്റെ നാല് ബൾബ്, ഫാൻ എന്നിവ സ്ഥാപിച്ച് 50-55 ഡിഗ്രിയിലാണ് താപനില ക്രമീകരിച്ചിരിക്കുന്നത്.
തീ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറും സജ്ജീകരിച്ചിട്ടുണ്ട്. ചെലവു കുറഞ്ഞ ഡ്രയർ നിർമാണ യൂണിറ്റ് എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇവ ഒരുക്കിയിരിക്കുന്നത്.
വളപ്രയോഗവും കീട നിയന്ത്രണവും
ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തിലൂടെയാണ് വിളകൾക്ക് നന നൽകുന്നത്. അഞ്ച് ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന കുളം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ പുളിപ്പിച്ച് ചേർത്ത സ്ലറിയാണ് ചെടികൾക്ക് വളമായി നൽകുന്നത്.
ജൈവവളങ്ങൾ മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളു. അതിനാൽ മണ്ണിന്റെ ഫലഭൂയിഷ്ഠി നിലനിർത്താനും മണ്ണിര ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കളെ പരിപോഷിപ്പിക്കാനും കഴിയുന്നു. കീട നിയന്ത്രണത്തിനായി ട്രൈക്കോഡോർമയും ഉപയോഗിക്കാറുണ്ട്.
സന്ധ്യാസമയത്തെ പ്രാണികളെ ഒഴിവാക്കുന്നതിനായി സോളാർ പഴക്കെണി തയാറാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഫിറോമോണ് കെണിയുമുണ്ട്. പ്രതിരോധശേഷി കൂടിയ ഇനങ്ങൾ ഉപയോഗിച്ച് ഗ്രാഫ്റ്റ് ചെയ്ത തൈകളും തോട്ടത്തിൽ ധാരാളമുണ്ട്.
ഇതുവഴി കീടബാധ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാൻ കഴിയുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.
ഹോംസ്റ്റേയും പ്ലാന്റേഷൻ ടൂറിസവും
നാട്ടിലും വിദേശത്തുമുള്ളവരെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്ന പ്ലാന്റേഷൻ ടൂറിസത്തിന്റെ മികച്ച സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഷാജി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. മേരിലാന്റിലെ വീടിനോടു ചേർന്ന് രണ്ടു മുറികൾ ഹോംസ്റ്റേക്കായി വിട്ടു നൽകിയിരിക്കുകയാണ്.
ഇങ്ങനെയെത്തുന്ന സഞ്ചാരികൾ കുളത്തിൽനിന്നു സ്വയം മീൻ പിടിച്ചും പച്ചക്കറികളും പഴങ്ങളും സ്വയം ശേഖരിച്ചും തോട്ടത്തിന്റെ സുഖ ശീതളിമയിൽ സമയം ചെലവഴിച്ചും കഴിയുമ്പോൾ കൃഷിക്ക് പുറമെ പ്ലാന്റേഷൻ ടൂറിസവും വലിയ വരുമാനം നേടാൻ ഇടയാക്കുന്നു.
തോട്ടത്തിന്റെ പരിപാലനത്തിനായി രണ്ടു ജോലിക്കാരുണ്ടെങ്കിലും കൂടുതൽ ജോലികളും ചെയ്യുന്നത് ഷാജിയും ബിഎസ്എൻഎൽ അക്കൗണ്ട് ഓഫീസർ ജോലിയിൽ നിന്ന് വിരമിച്ച ഭാര്യ ടീനയും ചേർന്നാണ്.
ബാംഗ്ലൂരു വോൾവോ കന്പനിയിൽ മെക്കാനിക്കൽ എൻജിനിയറായ മകൻ ടോണിയുടെയും ഭാരത് ഇലക്ട്രോണിക്സിൽ സയന്റിസ്റ്റായ മകൾ ഷീജയുടെയും അകമഴിഞ്ഞ പ്രോത്സാഹനം കൂടിയാകുന്പോൾ ഷാജി-ടീന ദന്പതികൾക്ക് കൃഷി വരുമാനവും പുതുപരീക്ഷണത്തിനുള്ള ഇടവും സന്തോഷകരമായ ജീവിതാനുഭവവുമായി മാറുന്നു.
ഫോണ്: 9446041219
ജോയി കിഴക്കേൽ
ചിത്രങ്ങൾ: അഖിൽ പുരുഷോത്തമൻ
