ഒറ്റപ്പാലം: പടിഞ്ഞാറൻ മേഖലയുടെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴയും കൈവഴികളും കൊടുംവേനലിൽ മെലിഞ്ഞുണങ്ങി.
പറളി, ലക്കിടി, മീറ്റ്ന, ഷൊർണൂർ ഉൾപ്പെടെ തടയണ പ്രദേശങ്ങളിൽ മാത്രമാണു നിലവിൽ പുഴയിൽ വെള്ളമുള്ളത്. ഇതു തടയണകൾ കേന്ദ്രീകരിച്ചുള്ള ശുദ്ധജല പദ്ധതികൾക്ക് ആശ്വാസമാണ്. കഴിഞ്ഞ വർഷം മാർച്ച് മുതൽ കാലവർഷം തുടങ്ങുന്നതു വരെയും കൃത്യമായ ഇടവേളകളിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നതിനാൽ വേനലിന്റെ കാഠിന്യം കുറവായിരുന്നു.
ഇത്തവണ മഴ വഴിമാറി വേനൽ കത്തിജ്വലിച്ചതോടെ ഭാരതപ്പുഴയും സന്പൂർണ ഉണക്കത്തിലേക്കാണ്. ചില പ്രദേശങ്ങളിൽ പുഴ വറ്റിവരണ്ടതു തീരഗ്രാമങ്ങളിലെ വേനൽക്കാല കൃഷികൾക്കും ജലാശയങ്ങളിലെ ജലലഭ്യതയ്ക്കുമെല്ലാം തിരിച്ചടിയായിരിക്കുകയാണ്.
പുഴയുടെ കൈവഴികളായ മറ്റു ചെറുപുഴകളിലും തോടുകളിലുമെല്ലാം ഒഴുക്കു മുറിഞ്ഞ അവസ്ഥയുണ്ട്. ഭാരതപ്പുഴയിലെ തടയണകളിൽ ജലലഭ്യത കുറഞ്ഞാൽ ആശ്രയം മലമ്പുഴ ഡാമാണ്.
ഡാമിൽനിന്നു പുഴയിലേക്കു വെള്ളം തുറന്നുവിട്ടു തടയണകൾ നിറച്ചാണു പമ്പിംഗ് മുന്നോട്ടുകൊണ്ടുപോകാറുള്ളത്.
ഇതിനു മുൻപു 2024ൽ ആയിരുന്നു സങ്കീർണമായ സാഹചര്യം. അന്നു മേയ് തുടങ്ങിയപ്പോഴേക്കും തടയണകളിലെ വെള്ളം വലിയ തോതിൽ താഴ്ന്നിരുന്നു. ഡാം തുറന്നാണു സങ്കീർണമായ സാഹചര്യം ഒഴിവാക്കിയത്. 2016ലും 2019ലും സ്ഥിതി സമാനമായിരുന്നു.
ഇത്തവണ പുഴയിലെ തടയണകൾ നിലവിൽ സമൃദ്ധമാണെങ്കിലും വേനൽമഴ വൻതോതിൽ കുറഞ്ഞാൽ മേയ് മാസം പ്രതിസന്ധിയാകും.
