‘കലയ്ക്ക് മതമില്ല. മതത്തിന്റെ പേരില്‍ കലയെയും മനുഷ്യരെയും വേര്‍തിരിച്ചു കാണേണ്ടതുമില്ല. മുസ്ലീം സമുദായാംഗമായ തനിക്ക് അത്തരത്തിലുള്ള ഒരു വേര്‍തിരിവും ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല’- ക്ലാസിക്കല്‍ നര്‍ത്തകിയായ ജംഷീന ജമാലിന്റെ വാക്കുകളാണിത്. ബാങ്കുജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാനെത്തിയതായിരുന്നു ജംഷീന.
മതപരമായ യാഥാസ്ഥിതികതയും സാമൂഹിക വിലക്കും ചിലയിടത്തെങ്കിലും ഇന്നും ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. എന്നാല്‍ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും പിന്തുണയില്‍ ശാസ്ത്രീയ നൃത്തരംഗത്ത് തിളങ്ങുകയാണ് നര്‍ത്തകിയായ ജംഷീന ജമാല്‍. വിശേഷങ്ങളിലേക്ക്…
മൂന്നര വയസിലെ നൃത്തപഠനം
കൊച്ചുകുട്ടിയായിരിക്കുമ്പോള് തന്നെ എവിടെ പാട്ടുകേട്ടാലും ജംഷീന കുഞ്ഞിച്ചുവടുകള്കൊണ്ട് താളം പിടിക്കുമായിരുന്നു. അമ്മ ഷീബയ്ക്കും കുട്ടിക്കാലത്ത് നൃത്തത്തോട് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ തുടര്‍ പഠനത്തിനൊന്നും അവസരം ലഭിച്ചില്ല. അതുകൊണ്ടുതന്നെ മകളുടെ ഉള്ളിലെ നര്‍ത്തകിയെ അവര്‍ ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞു.
ജംഷീനയുടെ പിതാവ് എറണാകുളം ഇടപ്പള്ളി തോണിപ്പറമ്പില്‍ ടി.എ. ജമാല്‍ നാടകനടന്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ ഇരുവരും ചേര്‍ന്ന് മൂന്നര വയസില്‍ ജംഷീനയെ ഭരതനാട്യം പഠിപ്പിക്കാനായി ചേര്‍ത്തു. കലാമണ്ഡലം ഗീതയായിരുന്നു ഗുരു. തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഹിനിയാട്ടം പഠിച്ചു തുടങ്ങി.
ആര്‍എല്‍വി ശക്തികുമാര്‍. ഡോ. മഹേഷ് എന്നിവരായിരുന്നു ഗുരുക്കന്മാര്. തൃപ്പൂണിത്തുറ ആര്‍എല്‍വി ഗവ. കോളജ് ഒഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ബി.എ (മോഹിനിയാട്ടം) റാങ്കോടെ പാസായി. അവിടെ നിന്നുതന്നെ എംഎ (മോഹിനിയാട്ടം) പൂര്‍ത്തിയാക്കിയ ജംഷീന പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പിലാണ്. പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ ശിക്ഷണത്തിലാണ് നിലവില്‍ മോഹിനിയാട്ടം അഭ്യസിക്കുന്നത്.
ഗുരുവായൂരപ്പന് കാണിക്കയായി കഥകളി
2024 ഒക്ടോബര്‍ 26 ന് ഗുരുവായൂരപ്പന് കാണിക്കയായി ജംഷീന കഥകളിയിലും അരങ്ങേറ്റം നടത്തിയിരുന്നു. ദുര്യോധനവധം കഥയിലെ ശ്രീകൃഷ്ണനായി ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലായിരുന്നു അരങ്ങേറ്റം. കഴിഞ്ഞ മൂന്നു വര്‍ഷമായി കഥകളി അഭ്യസിക്കുന്ന ജംഷീനയുടെ ഗുരു കലാമണ്ഡലം വൈശാഖ് രാജശേഖരനാണ്.
വെള്ളിത്തിരയിലും തിളങ്ങി
വെള്ളിത്തിരയിലും ജംഷീന മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഷെയിന്‍ നിഗത്തിന്റെ വലിയ പെരുന്നാള്‍, അമിത് ചക്കാലയ്ക്കലിനൊപ്പം പ്രാവ്, വിനയ് ഫോര്‍ട്ടിന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ദിലീഷ് പോത്തന്റെ മനസാ വാച എന്നീ ചിത്രങ്ങളുടെ ഭാഗമാകാനും ഈ കലാകാരിക്കു കഴിഞ്ഞു. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ സിനിമയില്‍ തുടര്‍ന്നും അഭിനയിക്കാനാണ് ജംഷീനയുടെ തീരുമാനം. അതേസമയം മോഹിനിയാട്ടം നര്‍ത്തകി ആയി അറിയപ്പെടാനാണ് തന്റെ ആഗ്രഹമെന്നും ജംഷീന പറഞ്ഞു.
പുരസ്കാരത്തിളക്കം
സ്കൂള്‍ യുവജനേത്സവങ്ങളില് മോഹിനിയാട്ടത്തിലും കേരളനടനത്തിലും പലതവണ സമ്മാനങ്ങള്‍ നേടി. കഴിഞ്ഞ വര്‍ഷം എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മോഹനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി. കേരള കലാമണ്ഡലത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ യുവപ്രതിഭാ പുരസ്കാരവും ജംഷീനയെ തേടിയെത്തി. ലോകപ്രശസ്തമായ ഖജുരാഹോ ഡാന്‍സ് ഫെസ്റ്റിവലില്‍ ഈ വര്‍ഷം മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അപൂര്‍വ അവസരം ജംഷീനക്കു ലഭിച്ചു.
സീമ മോഹൻലാൽ
